India National

ലൈംഗികാതിക്രമ പരാതിയെത്തുടര്‍ന്ന് ആത്മഹത്യ: നീതി തേടി സ്വരൂപിന്റെ കുടുംബം

ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് നോയിഡയില്‍ ആത്മഹത്യ ചെയ്ത കോതമംഗലം സ്വദേശി സ്വരൂപിന്‍റെ കുടുംബം നീതി തേടുന്നു. ഉത്തര്‍പ്രദേശ് പൊലീസ് മനപൂര്‍വം അന്വേഷണം വൈകിപ്പിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. ഡല്‍ഹിയിലെ ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ മെഴുകുതിരി പ്രതിഷേധം നടത്താനും നിശ്ചയിച്ചിട്ടുണ്ട്.

ഡിസംബര്‍ 18നാണ് ജെന്‍പാക്ട് കമ്പനി അസിസ്റ്റന്റ് വൈസ് പ്രസിഡന്റായ സ്വരൂപ് നോയിഡയിലെ വസതിയില്‍ ആത്മഹത്യ ചെയ്തത്. ലൈംഗികാരോപണത്തിന്റെ പേരിൽ കമ്പനി സസ്പെൻഡ് ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. സ്വരൂപിന്റെ വളർച്ചയിൽ അസൂയപൂണ്ടവരുടെ ഗൂഢാലോചനയാണ് ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങൾക്കു പിന്നിലെന്ന് കുടുംബം പറയുന്നു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്തസ്സോടെ ജീവിക്കണമെന്നും ഭാര്യയും അതേ കമ്പനിയിലെ ജീവനക്കാരിയുമായ കൃതിക്ക് സ്വരൂപ് എഴുതിയ കത്തിൽ പറയുന്നു. അന്വേഷണ പുരോഗതി അന്വേഷിക്കവെ മാന്യമായി പെരുമാറിയിരുന്ന പൊലീസ് നിലവില്‍ കുറ്റക്കാരോടെന്ന പോലെയാണ് പെരുമാറുന്നതെന്നും കുടുംബം ആരോപിച്ചു. ഉത്തര്‍പ്രദേശ് ഭവന് മുന്നിലടക്കം മെഴുകുതിരി മാര്‍ച്ച് സംഘടിപ്പിക്കാനും പ്രതിഷേധം ശക്തമാക്കാനുമാണ് കുടുംബത്തിന്റെ തീരുമാനം.