12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് പ്രതിപക്ഷം. ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിക്കും. നിരുപാധികം 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യമാകും പ്രതിപക്ഷം ഇന്നും ഉയര്‍ത്തുക. അതേസമയം പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി നടത്തുന്ന ശ്രമം തുടരുകയാണ്.
പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ എംപിമാര്‍ നടത്തുന്ന ധര്‍ണയും ഇന്ന് തുടരും.
എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ ഉള്‍പ്പടെ 12 പേരുടെ സസ്‌പെന്‍ഷനില്‍ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. പ്രതിപക്ഷവുമായി ചര്‍ച്ചയാവാം എന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും മാപ്പു പറഞ്ഞുള്ള ഒത്തുതീര്‍പ്പിന് ഇല്ലെന്നാണ് പ്രതിപക്ഷ നിലപാട്.
വര്‍ഷകാല സമ്മേളനത്തിനിടെ പ്രതിഷേധിച്ച 12 രാജ്യസഭാ എം.പിമാര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. എളമരം കരീം, ബിനോയ് വിശ്വം, തൃണമൂല്‍ എം.പിമാരായ ശാന്താ ഛേത്രി, ഡോല സെന്‍, കോണ്‍ഗ്രസ് എം.പിമാരായ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ്മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേന എം.പിമാരായ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരെയാണ് രാജ്യസഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെ സസ്പെന്‍ഷന്‍ തുടരും. എംപിമാരുടെ മോശം പെരുമാറ്റത്തിലൂടെ സഭയുടെ അന്തസ്സിന് മങ്ങലേറ്റുവെന്നാണ് കണ്ടെത്തല്‍.