India

കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ലെന്ന് സുപ്രീം കോടതി

കോവിഡ് കാലത്തെ ലോണുകളുടെ മൊറട്ടോറിയം നീട്ടില്ല. സുപ്രീം കോടതിയുടേതാണ് ഉത്തരവ്. സാമ്പത്തിക കാര്യങ്ങളിൽ ജുഡീഷ്യറിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ട്. സർക്കാറാണ് ഇക്കാര്യങ്ങളിൽ മുൻഗണനകൾ തീരുമാനിക്കേണ്ടത്. മൊറട്ടോറിയം സമയത്തെ കൂട്ടുപലിശ ഈടാക്കരുതെന്നും കോടതി നിർദേശിച്ചു. മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടുന്ന കാര്യത്തിലോ മൊറട്ടോറിയം പ്രഖ്യാപിച്ച വായ്പകളുടെ പരിധിയിലോ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. ഹരജി തീർപ്പാക്കി.

ലോക്ഡൗൺ കാലത്തെ ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന്‍റെ കാലാവധി നീട്ടണമെന്ന ഹർജികളിലാണ് സുപ്രീംകോടതിയുടെ വിധി. ഇക്കാലത്തെ വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കാത്തതും ഹരജിക്കാർ ചോദ്യം ചെയ്തിരുന്നു.

കോവിഡ് പശ്ചാത്തലത്തിലാണ് കഴിഞ്ഞ വർഷം മാർച്ച് 27ന് മൂന്ന് മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. പിന്നീട് മൂന്ന് മാസം കൂടി കാലാവധി നീട്ടി നൽകി. ഇതിനിടെയാണ് മൊറട്ടോറിയം കാലാവധി നീട്ടണമെന്നും, പിഴപ്പലിശ ഈടാക്കരുതെന്നുമുള്ള ഹർജികൾ സുപ്രീംകോടതിയിൽ എത്തിയത്. ആറ് മാസം കൂടി മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.

മൊറട്ടോറിയം കാലയളവിലെ രണ്ട് കോടി രൂപ വരെയുള്ള വായ്പകൾക്ക് പിഴപ്പലിശ ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇത് തിരികെ നൽകാൻ നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രസർക്കാരും, റിസർവ് ബാങ്കും കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മുപ്പത്തിയൊന്ന് വരെ വായ്പ തിരിച്ചടവ് മുടങ്ങിയ ബാങ്ക് അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന് റിസർവ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.