India National

പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രതിപക്ഷം

രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്‌സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന ഹർജികൾ കോടതിക്ക് മുന്നിലെത്തുന്നത്. ഒരു സമുദായത്തോട് മാത്രം കേന്ദ്ര സർക്കാർ കടുത്ത വിവേചനം കാണിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.എം, ഡി.എം.കെ തുടങ്ങിയവരാണ് കോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾ.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ടി.എൻ. പ്രതാപൻ എം.പി, നടൻ കമൽഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി, ഡി.വൈ.എഫ്.ഐ എന്നിവരും ഹർജി സമർപ്പിച്ചിട്ടുണ്ട്. എൻ.ആർ.സി കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ തിരക്ക് പിടിച്ച് പുതിയ നിയമം കൊണ്ടുവന്നതിനെയാണ് അസമിലെ വിദ്യാർത്ഥി സംഘടനകൾ അടക്കം എതിർക്കുന്നത്. നിയമം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര ജനതയെ അസ്ഥിരമാക്കുമെന്ന് ഹർജികളിൽ ആശങ്കപ്പെട്ടു. ഇതിന് പുറമേ വിവിധ മുസ്‌ലിം സംഘടനകൾ നൽകിയ ഹർജികളും കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരാണ് വാദം കേൾക്കുന്നത്.