India National

തെരഞ്ഞടുപ്പ് കമ്മീഷന്‍ അധികാരങ്ങള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരങ്ങള്‍ തിരിച്ചറിഞ്ഞതായി തോന്നുന്നുവെന്ന് സുപ്രീംകോടതി. പെരുമാറ്റ ചട്ട ലംഘനത്തില്‍ യോഗി ആദിത്യനാഥ്‌, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്കെതിരെ കമ്മീഷൻ നടപടി സ്വീകരിച്ച പശ്ചാതലത്തിലാണ് കോടതി സംതൃപ്തി രേഖപ്പെടുത്തിയത്. പ്രചാരണ വിലക്ക് നീക്കണമെന്ന മായാവതിയുടെ ആവശ്യം കോടതി ഇന്ന് പരിഗണിച്ചില്ല.

മതവും ജാതിയും പറഞ്ഞ് വോട്ട് ചോദിക്കുന്ന നേതാക്കള്‍ക്കെതിരെ കടുത്ത നടപടി എടുക്കാത്തതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സുപ്രീം കോടതി ഇന്നലെ വിമര്‍ശിച്ചിരുന്നു. കടുത്ത നടപടിക്ക് അധികാരമില്ലെന്ന് കമ്മീഷന്‍ ഇന്നലെ ഈ വിമര്‍ശനത്തിന് മറുപടി നല്‍കി. ഇതോടെ കമ്മീഷന്‍റെ അധികാരങ്ങള്‍ പരിശോധിക്കാന്‍ കോടതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ തന്നെ യോഗി ആദിത്യനാഥിനെയും മായാവതിയെയും പ്രചാരണ രംഗത്ത് നിന്ന് താല്‍കാലികമായി വിലക്കി കമ്മീഷന്‍‌ ഉത്തരവിറക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇന്ന് സുപ്രീംകോടതിയുടെ പരാമര്‍ശങ്ങള്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അധികാരം പരിശോധിച്ച് ഇനി പ്രത്യേകം ഉത്തരവിടേണ്ടതില്ല, കമ്മീഷന്‍ മയക്കത്തില്‍ നിന്നും അധികാരങ്ങളിലേക്ക് ഉണര്‍ന്നിരിക്കുന്നു. അധികാരം കണ്ടെടുത്തതായി തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേ സമയം 48 മണിക്കൂര്‍ നേരത്തേക്കുള്ള പ്രചാരണ വിലക്ക് ഏക പക്ഷിയമാണെന്നും റദ്ദാക്കണമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി സുപ്രീംകോടതിയില്‍ വാദിച്ചു. ആവശ്യം കോടതി നിരാകരിച്ചു.