ഒൻപത് പേരെ സുപ്രിംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രസർക്കാർ അംഗികാരം. കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ സുപ്രിംകോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്തത്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സിടി രവികുമാർ പട്ടികയിൽ ഇടം പിടിച്ചു. ( supreme court judges collegium )
വനിതാ ജഡ്ജിമാരിൽ കർണാടക ഹൈക്കോടതി ജഡ്ജി ബിവി നാഗരത്ന 2027ൽ ആദ്യ വനിത ചീഫ് ജസ്റ്റിസാകാനുള്ള സാധ്യത നിലനിൽക്കുന്നു. തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് മറ്റ് രണ്ട് വനിതാ ജഡ്ജിമാർ. സീനിയോറിറ്റിയിൽ ഒന്നാമനായ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക പട്ടികയിൽ ഒന്നാം പേരുകാരനായി വിജ്ഞാപനത്തിൽ ഇടംപിടിച്ചു. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെകെ മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എംഎം സുന്ദരേഷ് എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും. അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പിഎസ് നരസിംഹയെയും പട്ടികയിൽ ഉണ്ട്.