പെഗസിസ് വിഷയത്തിൽ സുപ്രീംകോടതി വിധി പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ അംഗീകരിച്ചതിൻറെ തെളിവെന്ന് രാഹുൽഗാന്ധി. സുപ്രീംകോടതിയുടെ ഇടപെടലിലൂടെ സത്യം തെളിയുമെന്ന് വിശ്വസിക്കുന്നു. ഫോണുകൾ ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോർത്തിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ദില്ലിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പരാമർശം.
”പെഗസിസ് ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമാണ്. രാജ്യത്തിനും രാജ്യത്തെ സംവിധാനങ്ങൾക്കും എതിരെയാണ് പെഗസിസ് ആക്രമണം. സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി സത്യം പുറത്തുകൊണ്ടുവരുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്”-രാഹുൽ ഗാന്ധി പറഞ്ഞു.പെഗസിസ് ഉപയോഗിച്ച് ചോർത്തിയ വിവരങ്ങൾ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ലഭിച്ചിരുന്നോ. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും പ്രതിപക്ഷ നേതാക്കളുടെയും ഫോൺ സംഭാഷണം പ്രധാനമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ക്രിമിനൽ കുറ്റമാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ആരാണ് പെഗസിസിന്റെ ഉത്തരവാദികൾ, ആര്, ആർക്കെതിരെയാണ് ഉപയോഗിച്ചത്, നമ്മുടെ ജനതയുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന മൂന്ന് ചോദ്യങ്ങളാണ് ഞങ്ങൾ ചോദിച്ചത്. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പെഗസിസ് പ്രശ്‌നം ഞങ്ങൾ ഉന്നയിച്ചതാണ്. ഇപ്പോൾ സുപ്രീം കോടതിയും വിഷയത്തിൽ നയം വ്യക്തമാക്കുകയും ഞങ്ങൾ പറഞ്ഞതിനെ പിന്തുണക്കുകയും ചെയ്തു. മുഖ്യമന്ത്രിമാർ, മുൻ പ്രധാനമന്ത്രി, ബിജെപി മന്ത്രിമാർ എന്നിവർക്കെതിരെയെല്ലാം പെഗസിസ് ഉപയോഗിച്ചിട്ടുണ്ട്.