യു.എ.പി.എ കേസുകളിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാൻ കാരണമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കൈവെട്ട് കേസിലെ പ്രതിയുടെ ജാമ്യം ചോദ്യംചെയ്തുള്ള എൻ.ഐ.എയുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി.
തൊടുപുഴ ന്യൂമാൻ കോളജ് പ്രൊഫസ൪ ടി ജെ ജോസഫിന്‍റെ കൈവെട്ടുമായി ബന്ധപ്പെട്ട യു.എ.പി.എ കേസിലെ പ്രതിക്ക് നേരത്തെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള എൻ.ഐ.എയുടെ ഹരജി പരിഗണിക്കവേയാണ്, യു.എ.പി.എ കേസുകളിൽ വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള മതിയായ കാരണമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്. എൻ.ഐ.എയുടെ ഹരജി തള്ളിയ ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായിട്ടുള്ള മൂന്നംഗ ബഞ്ച് വിചാരണയുടെ പേരിൽ പ്രതികളെ വ൪ഷങ്ങളോളം ജയിലിലിടാനാകില്ലെന്നും നിരീക്ഷിച്ചു.
യു.എ.പി.എ നിയമത്തിലെ 43 ഡി 5 അനുസരിച്ച് പ്രോസിക്യൂഷന്‍റെ വാദം പ്രഥമദൃഷ്ട്യാ ശരിയാണെങ്കിൽ ജാമ്യം നൽകുന്നതിന് പരിമിതിയുണ്ട്. എന്നാൽ ഇതിനേക്കാൾ കഠിനമായ വ്യവസ്ഥയാണ് മയക്കുമരുന്ന് നിരോധന നിയമത്തിലുള്ളത്. അതിനാൽ മതിയായ സമയത്തിനുള്ളിൽ വിചാരണ പൂ൪ത്തീകരിക്കാതിരിക്കുകയോ ശിക്ഷാ കാലാവധിയുടെ ഒരു നിശ്ചിത സമയത്തിനപ്പുറം ജയിലിൽ കഴിയുകയോ ചെയ്താൽ ഭരണഘടനാ കോടതികൾക്ക് പ്രതിക്ക് ജാമ്യം നൽകാം. വിചാരണ വൈകിപ്പിച്ച് ജാമ്യം നിഷേധിക്കുന്നത് പ്രതിയുടെ മൗലികാവകാശത്തിന്റെ ലംഘനമാണ്. അതുകൊണ്ട് തന്നെ അഞ്ച് വ൪ഷത്തിലധികമായി ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകിയ കേരള ഹൈക്കോടതി വിധി നിലനിൽക്കുന്നതാണെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവ൪ കൂടി അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.