India National

സ്ഥാനാര്‍ഥിയെ മാറ്റില്ല, കെജ്‌രിവാളിനെതിരേ സുനില്‍ യാദവ് തന്നെ – ബിജെപി

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെജ്‌രിവാളിനെതിരേ ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റിയേക്കുമെന്ന അഭ്യൂഹത്തിന് വിരാമം. ചൊവ്വാഴ്ച പുലര്‍ച്ചെ പാര്‍ട്ടി പുറത്തുവിട്ട രണ്ടാം സ്ഥാനാര്‍ഥി പട്ടികയില്‍ മാറ്റമില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള ബിജെപി നേതാവ്‌ ശ്യാം ജാജു വ്യക്തമാക്കി.

കെജ്‌രിവാളിനെതിരേയുള്ള സ്ഥാനാര്‍ഥിയായി സുനില്‍ യാദവ് തന്നെ തുടരും. അതില്‍ യാതൊരു മാറ്റവുമില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കുമെന്നും ശ്യം ജാജു പറഞ്ഞു.

അതേസമയം എന്‍എസ്‌യു മുന്‍ ദേശീയ അധ്യക്ഷന്‍ റൊമേഷ് സബര്‍വാളാണ് കെജ്‌രിവാളിനെതിരേ ന്യൂഡല്‍ഹി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

പത്ത് പേര്‍ അടങ്ങിയ സ്ഥാനാര്‍ഥി പട്ടികയാണ് ചൊവ്വാഴ്ച ബിജെപി പുറത്തുവിട്ടത്. സുനില്‍ യാദവിന് പുറമേ ഡല്‍ഹി ബിജെപി വക്താവ് തജീന്ദ്രപാല്‍ സിങ്, മനീഷ് സിങ്. സുമന്‍ലത ഷൊക്കീന്‍, രവീന്ദ്ര ചൗധരി, കുസും കാത്രി, അനില്‍ ഗോയല്‍ തുടങ്ങിയവരും രണ്ടാം സ്ഥാനാര്‍ഥി പട്ടികയിലുണ്ടായിരുന്നു.

നേരത്തെ 57 പേരടങ്ങിയ സ്ഥാനാര്‍ഥി പട്ടികയാണ് ആദ്യഘട്ടത്തില്‍ ബിജെപി പുറത്തുവിട്ടത്. 70 നിയമസഭാ മണ്ഡലങ്ങളില്‍ ബാക്കിയുള്ള മൂന്ന് മണ്ഡലങ്ങള്‍ എല്‍ജെപി, ജെഡിയു പാര്‍ട്ടികള്‍ക്കാണ്‌. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച്‌ എന്‍ഡിഎ ഘടകകക്ഷിയായ ശിരോമണി അകാലിദള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കില്ലെന്ന് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമാണ് ചൊവ്വാഴ്ച.