India National

മലേഗാവ് സ്ഫോടനക്കേസ് പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് പൊലീസ്

മലേഗാവ് സ്ഫോടനക്കേസ് പ്രതികള്‍ ബോംബ് നിർമ്മാണ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് ഗൗരി ലങ്കേഷ് കേസ് അന്വേഷണ സംഘം കോടതിയില്‍. ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യമുള്ളത്.

ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാർഥി പ്രഗ്യാ സിങ് ഠാക്കൂറിന് മലേഗാവ് സ്ഫോടക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. സംജോത എക്സ്പ്രസ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ, മലേഗാവ് തുടങ്ങി രാജ്യത്ത് നടന്ന സ്ഫോടനക്കേസുകളില്‍ പൊലീസ് അന്വേഷിക്കുന്ന അഭിനവ് ഭാരത് സംഘടനയിലെ നാല് പേര്‍ക്ക് സനാതന്‍ സൻസ്തയിലെ ബോംബ് നിർമാണ പരിശീലന ക്യാമ്പുമായി ബന്ധമുണ്ടെന്നാണ് കർണാടക പൊലീസിന്റെ വെളിപ്പെടുത്തല്‍.

2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ 14 പ്രതികളില്‍ ഒരാളായ പ്രഗ്യാ സിങ് ഠാക്കൂറിന് ഒളിവില്‍ പോയ അഭിനവ് ഭാരതിലെ റാംജി കൽസിങ്കര, സന്ദീപ് ഡാംഗെ എന്നിവരുമായി ബന്ധമുണ്ട്. പ്രഗ്യാ സിങ് ഠാക്കൂറാണ് ബി.ജെ.പിയുടെ ഭോപ്പാല്‍ സ്ഥാനാർഥി. സനാതന്‍ സൻസ്തയുമായി ബന്ധമുള്ള മൂന്ന് പേരെ ഗൗരി ലങ്കേഷ് കേസില്‍ അറസ്റ്റ് ചെയ്തതായി അന്വേഷണസംഘം രേഖകളില്‍ പറയുന്നു. 2007ലെ അജ്മീര്‍ ദർഗ സ്ഫോടന കേസിലെ പ്രതിയായ അഭിനവ് ഭാരത് അംഗം സുരേഷ് നായരാണ് അറസ്റ്റിലായ ബാബാജി എന്നയാളെന്നും റിപ്പോർട്ടിലുണ്ട്. 2006നും 2008നും ഇടയില്‍ നടന്ന സ്ഫോടനങ്ങളില്‍ 117 പേരാണ് കൊല്ലപ്പെട്ടത്.