ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ തന്നെ പിന്തുണക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോട് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍. ചെന്നൈയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രാദേശിക കക്ഷികള്‍ക്ക് ഉപപ്രധാനമന്ത്രി പദം വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന് കെ ചന്ദ്രശേഖര റാവു സ്റ്റാലിനോട് ആവശ്യപ്പെട്ടു.
യു.പി.എ- എന്‍.ഡി.എ മുന്നണികളോട് തുല്യ അകലം പാലിക്കുന്ന നേതാവാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച കെ.സി.ആര്‍ ഡി.എം.കെ നേതാവ് സ്റ്റാലിനെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇന്നലെ കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെ പിന്തുണക്കണമെന്ന് സ്റ്റാലിന്‍ ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടത്. ബി.ജെ.പി- കോണ്‍ഗ്രസ് ഇതര മുന്നണിക്കായാണ് കെ.സി.ആറിന്‍റെ നീക്കമെന്നായിരുന്നു നേരത്തെയുള്ള സൂചന. സ്റ്റാലിന്‍റെ ആവശ്യത്തെ കെ.സി.ആര്‍ നിരസിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട റാവു കേവലം ക്യാബിനറ്റ് പദവിക്കപ്പുറം ഉയര്‍ന്ന ആവശ്യങ്ങള്‍ മുന്നോട്ട് വെക്കണമെന്നും സ്റ്റാലിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, മമത ബാനര്‍ജി എന്നിവരുമായും കെ.സി.ആര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന്‍ റെഡ്ഡിയും കോണ്‍ഗ്രസ് നേതൃത്വവുമായി അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.