പശ്ചിമ ബംഗാള്‍ നാളെ ആറാം ഘട്ട വിധി എഴുതും. നോര്‍ത്ത് സൗത്ത് ബംഗാളിലായി വ്യാപിച്ച് കിടക്കുന്ന 43 മണ്ഡലങ്ങളാണ് വിരലില്‍ മഷി പുരട്ടുന്നത്. വോട്ടെടുപ്പിന് എല്ലാ മണ്ഡലങ്ങളും തയാറെടുത്തതായും സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കും എന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഉത്തര്‍ ദിനാജ് പൂര്‍, പൂരവ്വാ ബര്‍ധ്വാന്‍, നാദിയ, 24 പര്‍ഗാന തുടങ്ങിയ ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. ആറാം ഘട്ടത്തില്‍ ബൂത്തിലെത്തുന്ന 43 മണ്ഡലങ്ങളില്‍ 32 മണ്ഡലങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. 779 കമ്പനി അര്‍ധ സൈനിക വിഭാഗങ്ങള്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവിലാണ് വോട്ടെടുപ്പ് നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജ്യോതിപ്രിയ മുള്ളിക്ക്, ചന്ദ്രിമ ഭട്ടാചാര്യ മുതിര്‍ന്ന ബിജെപി നേതാക്കളായ മുകള്‍ റോയ്, രാഹുല്‍ സിന്‍ഹ അങ്ങനെ നീളുന്ന പ്രമുഖരും നാളെ ജനവിധി തേടും.
ഇതിനിടെ അടുത്ത മൂന്ന് ഘട്ടവും ഒരുമിച്ച് വോട്ടിംഗ് നടത്തണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ ഒരിക്കല്‍ കൂടി സമീപിച്ചു. മുന്‍പ് വിഷയം ഉയര്‍ത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്. 7, 8 ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണവും സംസ്ഥാനത്ത് സജീവമായി തുടരുകയാണ്. ഇന്നും നാളെയും മമതാ ബാനര്‍ജിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ റാലികളുടെ ഭാഗമാകും. പ്രധാനമന്ത്രി നാളെ ആണ് പ്രചാരണ പൊതുപരിപാടികള്‍ക്കായി എത്തുക.