India National

ജമ്മുകശ്മീര്‍ സാധാരണ ഗതിയിലാകുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം നുണയാണെന്ന് വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം

ജമ്മുകശ്മീര്‍ സാധാരണ ഗതിയിലാകുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം നുണയാണെന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം. ജമ്മുകശ്മീരില്‍ അഞ്ച് ദിവസം സന്ദര്‍ശനം നടത്തി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം പുറത്തുവിട്ടു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ അടക്കമുള്ളവരാണ് സന്ദര്‍ശനം നടത്തിയത്.

സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ജമ്മുകശ്മീരിലെ പതിമൂന്ന് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് വനിത സാമൂഹികപ്രവര്‍ത്തകരുടെ സംഘം വസ്തുന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ എന്നിവിടങ്ങളിലും , പോലീസ് ഉദ്യോഗസ്ഥര്‍, സൈനീകര്‍ അടക്കമുള്ളവരോടും സംസാരിച്ചാണ് വിവരങ്ങള്‍ മനസ്സിലാക്കിയതെന്ന് വനിതാ സംഘം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അനുച്ഛേദം 370 റദ്ദാക്കിയത് ജമ്മുകശ്മീരിലെ ജനങ്ങളെ ഒന്നിപ്പിച്ചു. നേരിട്ട കണ്ട ഒരാളുപോലും കേന്ദ്രസര്‍ക്കാര്‍ തീരുമാനം നല്ലതെന്ന് പറഞ്ഞില്ല. ജമ്മുകശ്മീരില്‍ യുവാക്കളെ പിടിച്ച്കൊണ്ടുപോവുകയാണെന്നും സൂക്ഷിച്ചവെച്ച ഭക്ഷണസാധനങ്ങള്‍ക്ക് മുകളില്‍ സൈനീകര്‍ മണ്ണെണ്ണ ഒഴിച്ചതായി ഗ്രാമവാസികള്‍ പറഞ്ഞുവെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടുകൊണ്ട് വനിത സാമൂഹ്യപ്രവ‍ര്‍ത്തകര്‍ പറഞ്ഞു. ജമ്മുകശ്മീരിനെ സാധാരണഗതിയിലാക്കാനായി സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും പിന്‍വലിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

ബി.ജെ.പിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും ജമ്മുകശ്മീരില്‍ ഒരു യോഗം പോലും ചേരാനായിട്ടില്ല. ജമ്മുകശ്മീര്‍ സാധാരണ ഗതിയിലാണെന്ന വാദം നുണയാണെന്നും വനിത സാമൂഹ്യപ്രവര്‍ത്തകര്‍ പറഞ്ഞു.