കർഷക സമരത്തോട് അതിയായ ബഹുമാനം പ്രകടിപ്പിച്ചതായും കാർഷിക നിയമങ്ങളോട് അവർക്കുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളിൽ ഏർപ്പെട്ടുവെന്നും ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ 46 ആമത് സമ്മേളനത്തിൽ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഇന്ദ്ര മാണി പാണ്ഡെ ആണ് ഇക്കാര്യം അറിയിച്ചത്.
2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കാനും അതുവഴി മികച്ച വരുമാനം സാധ്യമാക്കാനും ഉദ്ദേശിച്ചാണ് കാർഷിക നിയമങ്ങൾ പാസ്സാക്കിയായതെന്നും അദ്ദേഹം പറഞ്ഞു.
“2024 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിലയും അതുവഴി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതാണ് മൂന്ന് കാർഷിക നിയമങ്ങളും. ചെറുകിട കർഷകർക്കാണ് കൂടുതൽ പ്രയോജനം ലഭിക്കുക. കർഷക സമരത്തോട് അതിയായ ബഹുമാനത്തോടെയാണ് സർക്കാർ ഇടപെട്ടത്. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അവരുമായി ചർച്ചകളിൽ ഏർപ്പെട്ടു.” – അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിയെ ചരിത്രപരമായ തീരുമാനം എന്ന് വിശേഷിപ്പിച്ച പാണ്ഡെ അവിടുത്തെ ജനങ്ങൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യൻ ജനത അതിനെ സ്വാഗതം ചെയ്തതായും പറഞ്ഞു. പുരോഗമനപരമായ ദേശീയ നിയമങ്ങൾ ജമ്മു കാശ്‌മീരിലും പ്രാബല്യത്തിലായതോടെ ഭീകരാക്രമങ്ങളിൽ കുറവ് വന്നതായും ഇന്ത്യയിലെ മറ്റെവിടെയുമുള്ള ജനങ്ങൾ അനുഭവിക്കുന്ന അതെ അവകാശങ്ങൾ ഇപ്പോൾ ജമ്മു കശ്മീരിലെ ജനങ്ങൾക്കും അനുഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.