India National

മതേതര സഖ്യത്തില്‍ ശിവസേന

കോണ്‍ഗ്രസും എന്‍.സി.പിയും രൂപീകരിച്ച മതേതര സഖ്യത്തിലേക്ക് ഹിന്ദുത്വ പാളയത്തില്‍ നിന്നും ശിവസേന കൂട്ടു ചേരുമ്പോള്‍ മഹാരാഷ്ട്രയിലും ദേശീയ തലത്തിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ഏറെയാണ്. മതേതരത്വവും ഹിന്ദുത്വവും വ്യത്യസ്ത ചേരികളായി നിലകൊണ്ടിരുന്ന രാഷ്ട്രീയ ചിത്രം മാറി ബി.ജെ.പിയും ബി.ജെ.പിയെ എതിര്‍ക്കുന്നവരുമെന്ന പുതിയ സമവാക്യമാണ് രൂപം കൊള്ളുന്നത്.

1995 നു ശേഷം ഉതാദ്യമായാണ് ശിവസേന ഒരു സംസ്ഥാനത്ത് സര്‍ക്കാറിനെ നയിക്കുന്നത്. വ്യത്യസ്ത ആശയധാരകളിലുളള എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൊണ്ടുപോകുക എന്ന സാഹസമാണ് ഉദ്ധവ് താക്കറെയുടെ മുമ്പിലുള്ളത്. സഖ്യത്തിനകത്തെ അസ്വസ്ഥതകളെ മുതലെടുക്കാനും കര്‍ണാടക മാതൃകയില്‍ എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനുമായിരിക്കും ബി.ജെ.പിയുടെ ശ്രമം. എന്‍.സി.പിയെക്കാള്‍ കേവലം രണ്ട് സീറ്റുകളുടെ മാത്രം വ്യത്യാസം ഉണ്ടായിട്ടും അഞ്ചു വര്‍ഷക്കാലം മുഖ്യമന്ത്രി പദവി ശിവസേനക്ക് വിട്ടുകൊടുക്കുന്നതിനെ ചൊല്ലിയാണ് അജിത് പവാര്‍ ഇടഞ്ഞ് ഫട്‌നാവിസിനൊപ്പം പൊയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വരും ദിവസങ്ങളില്‍ ഇതേ അജിത് പവാര്‍ തന്നെയാണ് ഇരു കക്ഷികള്‍ക്കുമിടയില്‍ നിര്‍ണായക ഘടകമായി മാറുക. അജിത്തുമായി എന്‍.സി.പി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും അദ്ദേഹം മന്ത്രിസഭയില്‍ ചേരുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

രാഹുലോ സോണിയയോ ഇതുവരെ ഉദ്ധവ് താക്കറെയുമായി നേരിട്ട് ചര്‍ച്ച നടത്താതെയാണ് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായത്. രാഹുലിന് ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുത്വ വിഷയങ്ങളില്‍ ശിവസേന എത്രത്തോളം മുന്നോട്ടു പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തുടര്‍ നിലപാടുകള്‍. മറാത്താ രാഷ്ട്രീയത്തിലെ അതികായനായ ശരദ് പവാര്‍ പുറത്തു നിന്നും നിയന്ത്രിക്കുമ്പോള്‍ ശിവസേന എത്രത്തോളം രാഷ്ട്രീയ നേട്ടം കൊയ്യുമെന്നതും കണ്ടറിയേണ്ടി വരും.