രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ശിവസേന. ഏക സിവിൽകോഡുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പും ശിവസേന ഇതേ നിലപാട് വ്യക്തമാക്കിയിരുന്നു. കേന്ദ്രം സിവിൽകോഡ് നിർദ്ദേശം കൊണ്ടുവന്നാൽ പാർട്ടി അതിൽ അനുകൂല തീരുമാനമെടുക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത് പത്രസമ്മേളനത്തിൽ പറഞ്ഞു
‘സിവിൽകോഡ് രാജ്യത്ത് നടപ്പാക്കണം. അതുമായി ബന്ധപ്പെട്ട് കേന്ദ്രം എടുക്കുന്ന തീരുമാനത്തിൽ ശിവസേന നിലപാട് അറിയിക്കും’ റാവത് പറഞ്ഞു.
മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുല്ല തുടങ്ങിയവർ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 ചൈനയുടെ സഹായത്തോടെ വീണ്ടും നടപ്പാക്കാൻ ശ്രമിക്കുന്നതായും കേന്ദ്രസർക്കാർ ഇത് പരിശോധിച്ച് കർശന നടപടികൾ സ്വീകരിക്കണമെന്നും റാവത് പറഞ്ഞു.
അതേസമയം, വിശ്വഹിന്ദു പരിഷത്ത് ഇൻറർനാഷണൽ ജോയിന്‍റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആർ.എസ്.എസ് ജോയിന്‍റ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ എന്നിവർ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച വിഷയങ്ങളിൽ ഇനിയും ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ബിൽ കൊണ്ടുവരാൻ സമയമായോ ഇല്ലെയോ എന്നത് കേന്ദ്രം തീരുമാനിക്കേണ്ടതാണെന്ന് ദത്താത്രേയ ഹൊസബാലെ ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു.