India

രാജ്യദ്രോഹക്കേസ്; തരൂര്‍ സുപ്രിം കോടതിയില്‍

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എം.പിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള കേസുകൾ ബാലിശമാണെന്ന് കോടതിയെ അറിയിച്ചു.

റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ റാലിയിൽ കർഷകൻ വെടിയേറ്റ് മരിച്ചെന്ന് തരൂര്‍ അടക്കമുള്ളവര്‍ ട്വീറ്റ് ചെയ്തെന്ന് എഫ്ഐആറിലുണ്ട്. ഇത് ചെങ്കോട്ടയിലെത്തി കൊടി ഉയര്‍ത്താന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.

സാമൂഹിക പ്രവര്‍ത്തകനായ ബി.എസ് രാകേഷ് നല്‍കിയ പരാതിയിലാണ് കര്‍ണാടയില്‍ തരൂരിനെതിരെ കേസെടുത്തിട്ടുള്ളത്. പരപ്പന അഗ്രഹാര പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളും സമാന സംഭവത്തില്‍ തരൂര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.