India National

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച; രൂപയുടെ മൂല്യം കുറഞ്ഞു

കോവിഡ്-19 പശ്ചാത്തലത്തില്‍ ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും വന്‍ തകര്‍ച്ച. സെന്‍സെക്സ് 1,300 പോയിന്റ് ഇടിഞ്ഞു. രൂപയുടെ മൂല്യം ഡോളറിന് 74.02ല്‍ എത്തി. ബ്രെന്റ് ക്രൂഡ് ബാരലിന് 49 ഡോളറായി.

കോവിഡ്-19 ലോകമാകെ പടരുകയും മരണസംഖ്യ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് വിപണിയില്‍ തകര്‍ച്ച രേഖപ്പെടുത്തിയത്. ആഗോള വിപണിക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയും തകര്‍ന്നിരിക്കുകയാണ്. സെന്‍സെക്സ് 1,300 പോയിന്റ് താഴ്ന്ന് 37,180ല്‍ എത്തി. നിഫ്റ്റി 385 പോയിന്റ് താഴ്ന്ന് 10,881 പോയിന്റില്‍ തുടരുകയാണ്. ബി.എസ്.ഇ മിഡ്കാപ്പ് ഇന്‍ഡെക്സ് 426 പോയിന്റ് നഷ്ടപ്പെട്ട് 13164 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. രൂപയുടെ മൂല്യം ഒരു ശതമാനം കൂടി ഇടിഞ്ഞ് ഡോളറിന് 74.02ല്‍ എത്തി. മാര്‍ച്ച് ഒന്ന് മുതലാണ് തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്താന്‍ ആരംഭിച്ചത്.

2018 നവംബര്‍ 12നാണ് രൂപയുടെ മൂല്യം 72.76 നിലവാരത്തില്‍ എത്തിയത്. മറ്റ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 49 ഡോളറായി. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയിലേക്കുള്ള സൌദിയുടെ എണ്ണ കയറ്റുമതി കുറഞ്ഞത് വിപണിയെ സാരമായി ബാധിച്ചു. യാത്രാ നിരോധനം മൂലം വിമാന കമ്പനികളും വന്‍ നഷ്ടമാണ് നേരിടുന്നത്.