ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ പി. ചിദംബരത്തിന് മുൻകൂർജാമ്യമില്ല. ചിദംബരത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ചിദംബരത്തെ കസ്റ്റഡിയിൽ ലഭിക്കാൻ ഇ.ഡിക്ക് വിചാരണാക്കോടതിയെ സമീപിക്കാം.
സാമ്പത്തിക കുറ്റകൃത്യം ഉൾപ്പെട്ട കേസിൽ മുൻകൂർ ജാമ്യം നൽകാനാകില്ലെന്ന് ജസ്റ്റിസ് ആർ ബാനുമതി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി. അന്വേഷണത്തിന്റെ ആരംഭ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകിയാൽ അത് തിരിച്ചടിയാകും. കള്ളപ്പണ ഇടപാടിന്റെ ഉത്തമ ഉദാഹരണമാണ് ഐ.എൻ.എക്സ് മീഡിയ കേസെന്ന് തുടങ്ങി എൻഫോഴ്‌സ്‌മെന്റ് ഉന്നയിച്ച എതിർപ്പും കോടതി പരിഗണിച്ചു. സി.ബി.ഐ കസ്റ്റഡി അവസാനിക്കുന്ന മുറയ്ക്ക് ഇ.ഡിക്ക് വിചാരണക്കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാം.
മുദ്രവച്ച കവറിലെ രേഖകൾ പരിശോധിക്കരുത് എന്ന ചിദംബരത്തിന്റെ വാദവും കോടതി തള്ളി. അന്വേഷണ ഏജൻസികൾ മുദ്രവച്ച കവറിൽ ഹാജരാക്കുന്ന രേഖകൾ പരിശോധിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ട്. കേസ് ഡയറി പരിശോധിക്കാനും അധികാരമുണ്ടെന്ന് ജസ്റ്റിസ് ആർ. ബാനുമതി നിരീക്ഷിച്ചു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സി.ബി.ഐ കസ്റ്റഡി ചോദ്യം ചെയ്ത് സമർപ്പിച്ച മറ്റൊരു ഹർജി ചിദംബരം പിൻവലിച്ചു.