India National

സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന്‍ പരീക്ഷണം നിർത്തിവെച്ചു

കോവിഡിനെതിരായ മരുന്ന് പരീക്ഷണത്തിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആഗോള തലത്തില്‍ അസ്ട്ര സെനിക്ക പരീക്ഷണം നിർത്തിവെച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ പരീക്ഷണവുമായി മുന്നോട്ട് പോകുന്നുതെന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് നീക്കം. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചത്.

റാപ്പിഡ് ആൻറിജൻ ടെസ്റ്റ് നടത്തി നെഗറ്റീവായ വർക്ക് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കോവിഡ് രോഗികളെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1172 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 75062 ആയി. 24 മണിക്കൂറിനിടെ പുതിയ 95735 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 1.69 ശതമാനമാണ് രാജ്യത്തെ നിലവിലെ മരണ നിരക്ക്.