73 ആം സ്വാതന്ത്ര്യദിനാഘോഷത്തിനുള്ള ഒരുക്കത്തിലാണ് രാജ്യം. ജമ്മുകശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സേന മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. സ്വാതന്ത്യദിന സന്ദേശം നല്‍കും. കനത്ത സുരക്ഷയിലാണ് ചെങ്കോട്ടയും പരിസരവും. ഇന്ന് രാത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും.
ആഘോഷങ്ങളുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മെട്രോയ്ക്ക് തടസമില്ല. നാളെ ഉച്ചവരെ പ്രധാന സ്റ്റേഷനുകള്‍ അടച്ചിടും. കര്‍ശന വാഹന പരിശോധനയും തുടരുന്നുണ്ട്.
പ്രത്യേക പദവികള്‍ എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശം ആക്കിയ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഉപദേഷ്ടാവ് അജിത് ദോവല്‍ കശ്മീരില്‍ തുടരുന്നുണ്ട്. അതിര്‍ത്തി മേഖലകളിലും കൂടുതല്‍ സേനയെ വിന്യസിച്ചു.