സ്കൂള്‍ ബസിലെ ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി ഉപയോഗിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. 22കാരനായ രാജ് കുമാറാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാജ് കുമാര്‍ ഓടിച്ച സ്കൂള്‍ ബസ് ഒരു കാറില്‍ ഇടിച്ചതോടെയാണ് മുള വടി ഡ്രൈവിങ് പുറത്തായത്. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ബസിനെ പിന്തുടര്‍ന്ന കാര്‍ ഉടമയാണ് ഗിയര്‍ ലിവറിന്റെ സ്ഥാനത്ത് മുള വടി കണ്ടത്. ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം കാര്‍ ഉടമ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തു.
പൊട്ടിയ ഗിയര്‍ ലിവര്‍ ശരിയാക്കാന്‍ സമയം കിട്ടാതിരുന്നതിനാലാണ് മുള വടി ഉപയോഗിച്ചതെന്ന് രാജ് കുമാര്‍ പൊലീസിനോട് പറഞ്ഞു. ബസില്‍ സഞ്ചരിച്ച കുട്ടികള്‍ സുരക്ഷിതരാണ്. കോടതിയില്‍ ഹാജരാക്കിയ രാജ്കുമാറിന് ജാമ്യം ലഭിച്ചു.