India National

കേസ് സിബിഐക്ക് വിടണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി

എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി. അതേസമയം അറസ്റ്റിനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി.

തനിക്കെതിരായ കേസ് സിബിഐക്ക് വിടണമെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവും തള്ളി. അതേസമയം അറസ്റ്റിനുള്ള സ്റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. അര്‍ണബിന് സുരക്ഷയൊരുക്കാന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

മാധ്യമ സ്വാതന്ത്ര്യം അനിവാര്യമാണെന്നും എന്നാല്‍ അത് നിരുപാധികമല്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. സമാന പരാതികളിലാണ് പല സംസ്ഥാനങ്ങളിലായി എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. അതിനാല്‍ മുംബൈയില്‍ നിലവില്‍ അന്വേഷിക്കുന്നത് ഒഴികെയുള്ള എഫ്ഐആറുകള്‍ റദ്ദാക്കാമെന്ന് കോടതി സമ്മതിച്ചു. പൊലീസിന് കേസ് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ പല്‍ഗറില്‍ ഹിന്ദു സന്യാസി ആള്‍ക്കൂട്ടക്കൊലക്കിരയായ സംഭവം ഏപ്രില്‍ 21ന് റിപബ്ലിക് ടി.വിയില്‍ നടത്തിയ ചര്‍ച്ചയില്‍ അര്‍ണബ് ഗോസ്വാമി വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് വിവിധ സംസ്ഥാനങ്ങളിലായി എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സോണിയ ഗാന്ധിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും പരാതിക്ക് കാരണമായിട്ടുണ്ട്. ബാന്ദ്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെ വര്‍ഗീയവല്‍ക്കരിച്ച് അവതരിപ്പിച്ചതാണ് രണ്ടാമത്തെ പരാതിയുടെ കാരണം. അര്‍ണബ് തന്റെ ടെലിവിഷന്‍ ഷോകളിലൂടെ പൊലീസിനെ വിരട്ടുന്നുവെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹരജിയും സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്നു.

അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയാണ് അര്‍ണബിനെതിരായ കേസുകളെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. മാധ്യമപ്രവര്‍ത്തനത്തിനെതിരായ രാഷ്ട്രീയ നീക്കമാണിതെന്നും അഭിഭാഷകന്‍ ആരോപിച്ചു. മഹാരാഷ്ട്ര പൊലീസിനെതിരെ അര്‍ണബ് പരിപാടിയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അതിനാല്‍ കേസ് സിബിഐക്ക് കൈമാറുകയാണെങ്കില്‍ പ്രശ്നമില്ലെന്നും കോടതിയില്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.