India National

നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി

സെപ്റ്റംബർ പതിമൂന്നിന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന പുതിയ ഹർജികൾ സുപ്രിംകോടതി തള്ളി. പരീക്ഷ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അധികൃതർ പൂർത്തിയാക്കിയെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പുനഃപരിശോധനകളും തള്ളിയ കാര്യം കോടതി ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ വിദ്യാർത്ഥികളും രക്ഷകർത്താക്കളുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. പുതിയതായി സമർപ്പിച്ച ഹർജിയിൽ ചില ആവശ്യങ്ങളും ഇവർ മുന്നോട്ടുവച്ചു.

കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് ചില ഗതാഗത തടസവും മറ്റും ഉണ്ടാകുമെന്നും അതിനാൽ അഡ്മിറ്റ് കാർഡിനെ കർഫ്യൂ പാസായി കണക്കാക്കണമെന്നായിരുന്നു ആവശ്യം. നിലവിൽ കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ മറ്റൊരു അവസരം കൂടി നൽകണമെന്നും ഹർജിക്കാർ പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളിൽ ഇടപെടാൻ സുപ്രിംകോടതി തയ്യാറായില്ല.