പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതികരണങ്ങളില്‍ ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ ഗാംഗുലിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സനയുടെ നീക്കത്തിന് ഇപ്പോള്‍ ഗാംഗുലി തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം തന്റെ മകള്‍ക്കായിട്ടില്ലെന്നും ഇത്തരം ചര്‍ച്ചകളിലേക്ക് സനയെ വലിച്ചിഴക്കരുതെന്നുമാണ് ഗാംഗുലിയുടെ പ്രതികരണം.
പ്രമുഖ എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അന്ത്യം’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് സന ഇന്‍സ്റ്റഗ്രാമിലൂടെ പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ചത്.
‘തങ്ങള്‍ മുസ്‌ലിംകളല്ല, ക്രിസ്ത്യാനികളല്ല എന്നതിനാല്‍ സുരക്ഷിതരാണ് എന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ത്തിലാണുള്ളത്. സംഘ് ഏവരെയും ലക്ഷ്യം വച്ചിട്ടുണ്ട്. നാളെ അവരുടെ വെറുപ്പ് തട്ടം ഇടുന്ന സ്ത്രീകളിലേക്കും ഇറച്ചി കഴിക്കുന്നവരിലേക്കും മദ്യം കഴിക്കുന്നവരിലേക്കും വിദേശ സിനിമകള്‍ കാണുന്നവരിലേക്കും വ്യാപിക്കും. ജയ് ശ്രീറാം മുഴക്കുന്നതിനു പകരം കൈകള്‍ കോര്‍ക്കു. ആരും ഇവിടെ സുരക്ഷിതരല്ല’ എന്നായിരുന്നു 18കാരിയായ സന ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത്.
സാധാരണ 24 മണിക്കൂര്‍ നിലനില്‍ക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറി, വിവാദമായതോടെ പെട്ടെന്ന് പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നില്‍ ഗാംഗുലിയാണെന്ന ആരോപണങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സൗരവ് ഗാംഗുലി ബി.ജെ.പി ക്യാമ്പിലേക്ക് പോകുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളേറെയായി. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഗാംഗുലി മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബി.ജെ.പി നേതൃത്വം പരസ്യമായി തന്നെ പലപ്പോഴും ഗാംഗുലിയെ സ്വന്തം ക്യാമ്പിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും ബി.സി.സി.ഐ തലപ്പത്ത് ഗാംഗുലി എത്തുകയും ചെയ്തു.