India

സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന് ;ഭാവി സമരപരിപാടികൾ ചർച്ചയാകും

ഭാവി സമരപരിപാടികൾ ചർച്ച ചെയ്യാൻ സംയുക്ത കിസാൻ മോർച്ച യോഗം ഇന്ന്. കേന്ദ്ര സർക്കാർ കർഷക സംഘടനകളുമായി ചർച്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. രാവിലെ പതിനൊന്നിന് സിംഘുവിലാണ് യോഗം ചേരുക. സർക്കാരുമായി ചർച്ച ചെയ്യാൻ അഞ്ച് മുതിർന്ന കർഷക നേതാക്കളുടെ സമിതിയെ കിസാൻ മോർച്ച നിയോഗിച്ചിരുന്നു.

എന്നാൽ ചർച്ച സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് സമിതിക്ക് ഇതുവരെ ആശയവിനിമയം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സമരം കൂടൂതൽ ശക്തമാക്കാനും അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിക്കാനുമുള്ള നടപടി സ്വീകരിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. സർക്കാരുമായി ചർച്ച നടക്കാതെ അതിർത്തികളിലെ സമര രീതി മാറ്റേണ്ടെന്ന നിലപാടിലാണ് സംഘടനകൾ.

അതേസമയം കാർഷിക നിയമങ്ങൾ റദ്ദാക്കിയതിനാൽ സമരരീതി മാറ്റണമെന്നാണ് പഞ്ചാബിലെ ഒരു വിഭാഗം കർഷകസംഘടനകളുടെ അഭിപ്രായം. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്‍റെ്, പിൻവലിക്കൽ ബിൽ പാസാക്കിയിരുന്നു. കേന്ദ്രം ആവശ്യങ്ങൾ അംഗീകരിച്ചതോടെ അതിർത്തിയിലെ ഉപരോധ സമരം തുടരുന്നതിൽ സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്.