India National

ബലാക്കോട്ട് മരണസംഖ്യയെ കുറിച്ച് സംശയം ഉന്നയിച്ചത് പൗരനെന്ന നിലയില്‍: പിത്രോഡ

ബലാക്കോട്ട് വ്യോമാക്രമണത്തില്‍ വധിച്ച ഭീകരരുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ ഉപദേശകന്‍ സാം പിത്രോഡ. വിഷയം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പിത്രോഡ സൈന്യത്തെ അപമാനിച്ചെന്നും തീവ്രവാദികളോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനത്തിന്റെ തെളിവാണിതെന്നും ആരോപിച്ചു. സൈന്യത്തെ അപമാനിച്ചിട്ടില്ലെന്നാണ് പിത്രോഡയുടെ മറുപടി. വ്യക്തിപരമായ അഭിപ്രായങ്ങള്‍ വിവാദമാക്കി പുല്‍വാമയിലെ സുരക്ഷാവീഴ്ചയെ മറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. വസ്തുതയെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് സാം പിത്രോഡ പറഞ്ഞത്. മോദി ശക്തനാണെങ്കില്‍ ഹിറ്റ്‌ലറും ശക്തനായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാരിനും യുദ്ധം നടത്താമായിരുന്നു. പക്ഷെ, അതല്ല ജനാധിപത്യ സര്‍ക്കാരിന്റെ ശൈലിയെന്നും പിത്രോഡ പറഞ്ഞു.

പിത്രോഡയുടെ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ അവസരം ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി. രാജകുടുംബത്തിന്റെ സേവകന്‍ പുല്‍വാമയിലെ രക്തസാക്ഷികളെയും സൈന്യത്തെയും അപമാനിച്ചുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ കോമാളിത്തം 130 കോടി ജനങ്ങള്‍ പൊറുക്കില്ലെന്നും മോദി ട്വീറ്റ് ചെയ്തു.