India National

സച്ചിന്‍ പൈലറ്റ് ബി.ജെ.പിയിലേക്കോ?

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം കൈവിടുന്നുവോ? മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതാണ് ഇങ്ങനൊയൊരു ചര്‍ച്ച

മധ്യപ്രദേശിന് പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസിന് ഭരണം കൈവിടുന്നുവോ? മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും തമ്മിലെ പിണക്കം രൂക്ഷമായതോടെയാണ് ഇങ്ങനൊയൊരു ചര്‍ച്ച രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. അതേസമയം സച്ചിന്‍ പൈലറ്റ് ബി.ജെ.പിയുമായി ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സച്ചിന്‍ പൈലറ്റിന് പതിനാറ് എം.എല്‍.എമാരുടെയും പുറമെ മൂന്ന് സ്വതന്ത്രന്മാരുടെയും പിന്തുണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ലോക്ഡൗണ്‍ സമയത്ത് സമാന്തരമായി സച്ചിന്‍ പൈലറ്റ് ബി.ജെ.പി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന ഓഫര്‍, ബി.ജെ.പി മുന്നോട്ടുവെച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയൊരു പാര്‍ട്ടി രൂപീകരിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. സംസ്ഥാനത്ത് സർക്കാർ രൂപവത്​കരണം മുതൽ ഇരുവിഭാഗവും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇത്​ രൂക്ഷമാകുകയായിരുന്നു.

അതേസമയം രാജസ്ഥാനിലെ പ്രതിസന്ധി നേതൃത്വത്തെ ധരിപ്പിക്കാനായി സച്ചിന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്,​ അട്ടിമറി ആരോപണവുമായി രംഗത്തെത്തിയിരുന്നു. ബി.ജെ.പി കോടികള്‍ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുളള അഭിപ്രായഭിന്നത മൂലം മദ്ധ്യപ്രദേശിലേതുപോലെ സംസ്ഥാനത്തും അധികാരം കൈവിട്ടുപോകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത് എത്തിയിരുന്നു. ഞങ്ങളുടെ പാർട്ടിയുടെ കാര്യത്തിൽ വിഷമമുണ്ട്​. നമ്മുടെ കുതിരപ്പന്തിയിൽ നിന്നും കുതിരകൾ ഒളിച്ചോടിയ ശേഷം മാത്രമേ നാം ഉണരുകയുള്ളൂ?’’ എന്നായിരുന്നു കപിലിന്റെ ട്വീറ്റ്. രാജസ്ഥാനിലെ ഗെഹ്ലോട്ട്​ -പൈലറ്റ്​ കലഹത്തിൽ പാർട്ടി ഹൈക്കമാൻഡി​ന്റെ മൗനം സംബന്ധിച്ചായിരുന്നു​ ഈ പരാമർശം.