India

ശബരിമല കയറാന്‍ ചെക്ക് റിപബ്ലിക്കില്‍ നിന്നും 20 അംഗ വനിതാ സംഘം

ഇന്ത്യക്കകത്ത് നിന്ന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശബരിമലയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. അയ്യപ്പന്റെ ദര്‍ശനത്തിനായി ഇപ്രാവിശ്യം എത്തിയിരിക്കുന്നത് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള 42 അംഗ അയ്യപ്പ വിശ്വാസികളാണ്. അതില്‍ 20 പേര്‍ വനിതകളാണ് എന്നുള്ളതാണ് കേരളത്തിലെ സംഘ്പരിവാരിനെ പ്രകോപിക്കുന്ന വാര്‍ത്ത. 41 ദിവസത്തെ വൃതമെടുത്തതിന് ശേഷമാണ് ചെക്ക് റിപബ്ലിക്കില്‍ നിന്നുള്ള വിശ്വാസികള്‍ ശബരിമല പതിനെട്ടാംപടി കയറാന്‍ ഒരുങ്ങുന്നത്. തോമസ് പീറ്റര്‍ നയിക്കുന്ന സംഘം കഴിഞ്ഞ ഡിസംബര്‍ 26നാണ് ഇന്ത്യയിലേക്ക് തിരിച്ചത്. ഈയാഴ്ച്ച കന്യാകുമാരിയെത്തിയ സംഘം ഇരുമുടിക്കെട്ടുമായി മല കയറാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ശബരിമല സന്ദര്‍ശിക്കാറുണ്ടെന്ന് സംഘം ദിനമലര്‍ പത്രത്തോട് പറഞ്ഞു. ശബരിമലയിലെ സ്ഥിതിഘതികളറിയാമെന്നും ക്ഷേത്രത്തിന്റെ ആചാരത്തെ ബഹുമാനിക്കുന്നുവെന്നും പ്രശ്നങ്ങളില്ലാതെ ശബരിമല സന്ദര്‍ശിച്ച് വീട്ടിലെത്താനാണ് ആലോചിക്കുന്നതെന്നും സംഘത്തിലെ അംഗം മെര്‍ലെസ് ദിനമലരിനോട് പറഞ്ഞു. 50 വയസ്സിന് താഴെയാണ് എല്ലാ അംഗങ്ങളും. ഈ വരുന്ന ജനുവരി ഏഴിനാണ് സംഘം ശബരിമല കയറുന്നത്.