India National

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് 5ന് തുറക്കും. നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂ വഴി രജിസ്റ്റർ ചെയ്ത 250 പേർക്കാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസേന പ്രവേശനത്തിന് അനുമതിയുള്ളത്.

ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽ ശാന്തി എകെ സുധീർ നമ്പൂതിരി നടതുറന്ന് ദീപങ്ങൾ തെളിയിക്കും. ഉപ ദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറന്ന് ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് മുന്നിലെ ആഴിയിലും അഗ്നി പകരും. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല.

തുലാമാസം ഒന്നായ നാളെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. വെർച്വുൽ ക്യൂവഴി ബുക്ക് ചെയ്ത 250 ഭക്തർക്കാണ് ഒരു ദിവസം പ്രവേശനം അനുവദിക്കുക. 10 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവർക്കാണ് ദർശനാനുമതിയുള്ളത്. വടശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പമ്പയിൽ സ്‌നാനം അനുവദിക്കില്ല. ഇതിന് പകരം ഷവർ ബാത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അഭിഷേകത്തിനായുള്ള നെയ്യ് പ്രത്യേകം കൗണ്ടറിൽ സ്വീകരിക്കും. അപ്പം, അരവണ കൗണ്ടറുകളും പ്രവർത്തിക്കും. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.