India National

പ്രധാനമന്ത്രി മോദിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ട് മലയാളിയുടെ വിവരാവകാശ അപേക്ഷ

രാജ്യത്ത് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം ചൂടുപിടിച്ചിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൗരത്വ രേഖ ആവശ്യപ്പെട്ട് മലയാളിയുടെ വിവരാവകാശ അപേക്ഷ. ജോഷി കല്ലുവീട്ടില്‍ എന്ന തൃശ്ശൂര്‍ നിവാസിയാണ് പ്രധാനമന്ത്രി മോദിയുടെ പൗരത്വം രേഖ ചോദിച്ച് വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചത്. ചാലക്കുടി മുന്‍സിപാലിറ്റിയിലാണ് ഇക്കഴിഞ്ഞ ജനുവരി 13ന് ജോഷി കല്ലുവീട്ടില്‍ അപേക്ഷ സമര്‍പ്പിച്ചത്.

പൗരത്വ നിയമം പ്രാബല്യത്തില്‍ വന്നിരിക്കെ പൗരത്വ രേഖയായി വോട്ടര്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ വ്യക്തത വരാത്തതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി പൗരത്വ രേഖയായി എന്താണ് കാണിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അപേക്ഷ കൊടുത്തതെന്ന് ജോഷി പറയുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ഭീതിയിലായിരിക്കെ പ്രധാനമന്ത്രി പൗരത്വ രേഖയായി കൊണ്ടു നടക്കുന്ന രേഖ എല്ലാവര്‍ക്കും കൊണ്ടു നടന്നാല്‍ മതിയെല്ലാേയെന്ന് ജോഷി കല്ലുവീട്ടില്‍ ചോദിക്കുന്നു. ജനങ്ങളെ ഭയവിഹ്വലരാക്കി രണ്ടുമൂന്നു തട്ടുകളിലാക്കി മാറ്റാതെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിവരാകാശ അപേക്ഷ സമര്‍പ്പിച്ചതെന്നും മറുപടി കിട്ടും വരെ ശ്രമം തുടരുമെന്നും ജോഷി കല്ലുവീട്ടില്‍ പറഞ്ഞു.