India

കശ്മീരികൾക്ക് നേരെയുള്ള ആക്രമണം വേദനാജനകം; പ്രിയങ്ക ഗാന്ധി

കശ്മീരി ജനതയ്‌ക്കെതിരെ ഭീകരർ നടത്തിയ ആക്രമണത്തെ അപലപിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കശ്മീരികൾക്ക് സുരക്ഷ നൽകണമെന്ന് കേന്ദ്രത്തോട് പ്രിയങ്ക ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

“ഞങ്ങളുടെ സഹോദരിമാർക്കും സഹോദരങ്ങൾക്കും നേരെയുള്ള ആക്രമണം വേദനാജനകമാണ്, അത് അപലപിക്കപ്പെടേണ്ടതാണ്. ഈ പ്രയാസകരമായ സമയങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കശ്മീരി സഹോദരിമാർക്കും സഹോദരന്മാർക്കുമൊപ്പം നിൽക്കുന്നു. കേന്ദ്ര സർക്കാർ എല്ലാ കശ്മീരി ജനങ്ങൾക്കും സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കണം”- ട്വീറ്റിൽ പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നിരവധി ഭീകരാക്രമണങ്ങലാണ് കാശ്മീരിൽ റിപ്പോർട്ട് ചെയ്തത്. വ്യാഴാഴ്ച ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തെ സർക്കാർ സ്കൂളിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ബുധനാഴ്ച പുലർച്ചെ, ശ്രീനഗറിൽ തെരുവ് കച്ചവടക്കാരനെ ഭീകരർ വെടിവെച്ചു കൊന്നിരുന്നു. ലാൽബസാറിലെ മദീന ചൗക്കിന് സമീപമായിരുന്നു സംഭവം.