പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറൻ്റയിനിൽ പോകാൻ നിർദ്ദേശം നൽകി
രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,304 കേസുകളും 260 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം മുപ്പതായി. കേന്ദ്ര പ്രതിരോധ സെക്രട്ടറിയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെയുണ്ടായത്. ഇന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഇതുവരെ റിപ്പോ൪ട്ട് ചെയ്തത് ആയിരത്തിലധികം കേസുകളാണ്. അഞ്ച് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ രണ്ട് ലക്ഷത്തി പതിനേഴായിരത്തി 967 ആയി. 107492 പേർ നിലവിൽ ചികിത്സയിലുണ്ട്.
104107 പേർക്ക് അസുഖം ഭേദമായി. കോവിഡ് പ്രതിരോധ പ്രവ൪ത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്നവ൪ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് വ്യാപകമാവുകയാണ്. ഇതിനകം രണ്ടായിരത്തി അഞ്ഞൂറിലധികം പൊലീസുദ്യോഗസ്ഥ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ
പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറൻ്റയിനിൽ പോകാൻ നിർദ്ദേശം നൽകി. മഹാരാഷ്ട്രയിൽ ആകെ കോവിഡ് കേസുകൾ എഴുപത്തി അയ്യായിരത്തോട് അടുക്കുകയാണ്. മരണം 2587 ആയി. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം 23645 ഉം മരണസഖ്യ 606 ആണ്. ഗുജറാത്തിലും സ്ഥിതി സങ്കീർണ്ണമായി തുടരുകയാണ്. ഇവിടെ രോഗികൾ 18117 ഉം മരണ സഖ്യ 1122 ആയി. അതിനിടെ കോവിഡ് ചികിത്സക്കായി റെയിൽവെ 10 ഐസൊലേഷൻ കോച്ചുകൾ ആരംഭിച്ചു.