India National

മാനവവിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം

വിദ്യാഭ്യാസവകുപ്പ് എന്ന പേര് 1985ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ് മാനവവിഭവ ശേഷി വകുപ്പെന്ന് മാറ്റുന്നത്.

മാനവവിഭവശേഷി വകുപ്പിന്റെ പേര് വിദ്യാഭ്യാസ വകുപ്പ് എന്ന് പുനര്‍നാമകരണം ചെയ്തു. കാബിനറ്റ് യോഗത്തിലാണ് പേര് മാറ്റം അംഗീകരിച്ചത്. പേരുമാറ്റം സംബന്ധിച്ചുളള പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

വിദ്യാഭ്യാസവകുപ്പ് എന്ന പേര് 1985ല്‍ രാജീവ് ഗാന്ധിയുടെ ഭരണ കാലത്താണ് മാനവവിഭവ ശേഷി വകുപ്പെന്ന് മാറ്റുന്നത്. നീണ്ട 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയം എന്ന് പേരുമാറ്റിയത്.

വിദ്യാഭ്യാസ, പഠന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 1986ല്‍ രൂപം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തിന് പകരം പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 1992 ല്‍ ഭേദഗതി വരുത്തിയ വിദ്യാഭ്യാസനയമാണ് ഇപ്പോള്‍ പിന്തുടരുന്നത്.

വിദ്യാഭ്യാസ അവകാശം നിയമം ഉള്‍പ്പെടുത്തല്‍, പാഠ്യപദ്ധതിയുടെ ഉളളടക്കം കുറയ്ക്കല്‍ ഉള്‍പ്പെടെ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിടാന്‍ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയത്തിന് രൂപം നല്‍കുന്നത്. ശാസ്ത്രം, ആര്‍ട്‌സ് വിഷയങ്ങള്‍ എന്ന വേര്‍തിരിവില്ലാതെ പഠനം സാധ്യമാക്കുന്നതിനുളള സാധ്യതകള്‍ തേടുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.

മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് പേര് മാറ്റം ശുപാര്‍ശ ചെയ്തത്. കാലങ്ങളായി ആര്‍.എസ്.എസും ഈ ആവശ്യം ഉന്നയിച്ചിരുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനാണ് ഈ പേരുമാറ്റം എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.