India National

അരുണ്‍ ജെയ്റ്റ്‍ലിയുടെ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് സുബ്രഹ്മണ്യം സ്വാമി

അരുണ്‍ ജെയ്റ്റ്‍ലി ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി.തെറ്റായ നയങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി. കമ്പനികള്‍ പൂട്ടുകയും വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടാകുകയും ചെയ്തിട്ടും സര്‍ക്കാര്‍ പ്രതികരിക്കാത്തത് അപകടകരമാണെന്ന് പ്രിയങ്കാ ഗാന്ധി വിമര്‍ശിച്ചു.

ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ് രംഗം പ്രതിസന്ധിയിലാകാന്‍ കാരണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. തെറ്റായ ഇതേ നയങ്ങളാണ് ഇപ്പോഴും തുടരുന്നത്. നികുതി നിരക്ക് ഉയര്‍ന്നിരിക്കുന്നതും പ്രതിസന്ധിക്ക് കാരണമാണ്. പലിശ നിരക്ക് കൂട്ടിയതിന്റെ കാരണക്കാരന്‍ ആര്‍.ബി. ഐ ഗവര്‍ണറായിരുന്ന രഘുറാം രാജനാണെന്നും സുബ്രഹ്മണ്യം സ്വാമി കുറ്റപ്പെടുത്തി. തകർന്ന സാമ്പത്തികരംഗം ചൂണ്ടിക്കാട്ടി മോദി സർക്കാരിനെതിരെ ശക്തമായ പ്രചാരണത്തിന് കോണ്‍ഗ്രസ് തുടക്കം കുറിച്ചുകഴിഞ്ഞു.

സാമ്പത്തിക മേഖലയിലെ 10 പരാജയങ്ങളും അവയുടെ കണക്കുകളും നിരത്തിയാണ് പ്രചരണം. കമ്പനികള്‍ അടച്ചുപൂട്ടുകയും അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തിട്ടും സര്‍ക്കാര്‍ മൌനം തുടരുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഭീകരമായ സാമ്പത്തിക മാന്ദ്യത്തിന് ആരാണ് ഉത്തരവാദികൾ എന്നും പ്രിയങ്ക ചോദിച്ചു. രാജ്യം മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ് വി പറഞ്ഞു. രണ്ടാം മോദി സർക്കാർ വലിയ പരാജയമാണെന്നും മനു അഭിഷേക് സിങ് വി കുറ്റപ്പെടുത്തി.