ദൗത്യത്തിനിടെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ വിമാനം 7 വർഷത്തിന് ശേഷം കണ്ടെത്തി. 29പ്രതിരോധ സേനാ ഉദ്യോഗസ്ഥരുമായി പോയ എഎൻ-32 വിമാനത്തിന്റെ തകർന്നടിഞ്ഞ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ചെന്നൈ ആസ്ഥാനമായുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ചെന്നൈയിൽ കടൽത്തീരത്ത് നിന്ന് 3.1 കിലോമീറ്റർ അകലെ നിന്നാണ് വിമാനാവശിഷ്ടങ്ങൾ ലഭിച്ചത്. കഴിഞ്ഞ മാസം ലഭിച്ച അവശിഷ്ടങ്ങൾ വിദഗ്ധ പരിശോധന നടത്തിയതിൽ നിന്ന് എഎൻ-32 വിമാനത്തിന്റേതാണ് ഇവയെന്ന് സ്ഥിരീകരിക്കുകയായിരുന്നു,. എഎൻ-32ന്റെ മറ്റ് വിമാനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് മനസിലായതോടെ ഏഴ് വർഷം മുൻപ് രക്ഷാപ്രവർത്തനത്തിന് പ്രതിരോധ സേനാ ഉദ്യോഗസ്ഥരുമായ പോയ വിമാനത്തിന്റേതാണെന്ന നിഗമനത്തിലേക്ക് ഉദ്യോഗസ്ഥരെത്തി.
അവശിഷ്ടങ്ങൾ കണ്ടെത്തിയ എൻഐഒടിയിലെ സംഘം അവയുടെ ചിത്രങ്ങൾ വ്യോമസേനയ്ക്ക് കൈമാറുകയായിരുന്നു. തുടർന്നാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്.2016 ജൂലൈ 22 ന് ചെന്നൈയിലെ താംബരം എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്ക് പോയ വിമാനം യാത്രാമധ്യേ ബംഗാൾ ഉൾക്കടലിൽ വച്ച് കാണാതാവുകയായിരുന്നു.