രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലെത്തുന്നു. ജനുവരി ആറിനാകും രാഷ്ട്രപതി സന്നിധാനത്തെത്തുക. സന്ദർശനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് രാഷ്ട്രപതി ഭവൻ നിർദേശം നൽകി. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തുന്നത്. അഞ്ചാം തിയതി കൊച്ചിയിലെത്തുന്ന രാംനാഥ് കോവിന്ദ് ആറിന് സന്നിധാനത്തേക്കു പുറപ്പെടും.
ഹെലികോപ്ടറിൽ രാഷ്ട്രപതിയെ സന്നിധാനത്ത് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് രാഷ്ട്രപതി ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ശരംകുത്തിയിൽ നേരത്തേ ഒരു ഹെലിപാഡ് ഉണ്ടായിരുന്നു. എന്നാൽ പാണ്ടിത്താവളത്ത് താത്കാലിക ഹെലിപാഡ് തയാറാക്കി അവിടെ നിന്ന് സന്നിധാനത്തേക്കെത്തിക്കാനാണ് ആലോചന.
സുരക്ഷാക്രമീകരണങ്ങൾക്ക് പൊലീസിനും നിർദേശം ലഭിച്ചിട്ടുണ്ട്.രാഷ്ട്രപതി ഭവൻ ഉദ്യോഗസ്ഥരും എസ്.പി.ജിയും അടുത്ത ദിവസം തന്നെ സന്നിധാനത്തും പാണ്ടിത്താവളത്തിലുമെത്തി ക്രമീകരണങ്ങൾ വിലയിരുത്തും. രാഷ്ട്രപതി എത്തുന്ന ദിവസം തീർഥാടകർക്കു നിയന്ത്രണം ഏർപ്പെടുത്തും.