India National

പ്രഗ്യാ ഠാക്കൂര്‍ ദേശസ്നേഹി, ജയിലില്‍ അവരെ കണ്ടത് തീവ്രവാദിയെപ്പോലെ;രാംദേവ്

ഭോപ്പാല്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ച് യോഗ ഗുരു രാംദേവ് രംഗത്ത്. 2008 മാലേഗാവ് സ്ഫോടന കേസിൽ താക്കൂർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തതായും രാംദേവ് ആരോപിച്ചു. പറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം.

മാലേഗാവ് കേസില്‍ പ്രഗ്യാ ഠാക്കൂറിനെ വെറും സംശയത്തിന്റെ പേരില്‍ പിടികൂടി ജയിലില്‍ അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒരാളെ സംശയത്തിന്റെ പേരില്‍ പിടികൂടി ഒമ്പത് വര്‍ഷത്തോളം ശാരീരകമായും മാനസികമായും ഉപദ്രവിക്കുകയും ചെയ്യുന്നത് കടുത്ത ക്രൂരതയാണ്. ഈ ക്രൂരതകളെല്ലാം സഹിച്ച്, ശാരീരികമായി തളര്‍ന്ന അവര്‍ക്ക് അര്‍ബുദം ബാധിച്ചു. അവര്‍ ഒരു തീവ്രവാദി ആയിരുന്നില്ല, ഒരു ദേശീയവാദിയായിരുന്നു.- രാംദേവ് പറഞ്ഞു.

പ്രഗ്യാ സിംഗ് അടുത്തിടെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മുംബൈ പൊലീസിന്റെ തീവ്രവാദി വിരുദ്ധവിഭാഗം (എ.ടി.എസ്.) തലവന്‍ ഹേമന്ത് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നതാണെന്ന് അവര്‍ പറഞ്ഞിരുന്നു. കൂടാതെ, ബാബറി മസ്ജിദ് തകര്‍ത്തവരില്‍ താനും ഉള്‍പ്പെടുന്നെന്നും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഈ രണ്ട് പ്രസ്താവനകളുടെ പേരിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു.

മോദിക്ക് ഒരു അജണ്ടയുണ്ട്, അത് ഇന്ത്യയെ ഒരു മഹാശക്തിയാക്കാൻ സഹായിക്കുകയാണ്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ദിവസത്തിൽ 16 മുതൽ 20 മണിക്കൂർ വരെ അദ്ദേഹം പ്രവർത്തിക്കുന്നു. അദ്ദേഹം ഏക ചിന്താഗതിക്കാരനാണ്, കുടുംബമോ മറ്റു തടസ്സങ്ങളോ അദ്ദേഹത്തെ അലട്ടുന്നില്ലെന്നും രാംദേവ് പറഞ്ഞു.