India

രാജ്യസഭയില്‍ നാടകീയ രംഗങ്ങള്‍; ഫയലുകള്‍ കീറിയെറിഞ്ഞ് പ്രതിപക്ഷ എംപിമാര്‍

രാജ്യസഭയില്‍ പ്രതിപക്ഷ എംപിമാര്‍ ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്നും ഫയലുകള്‍ കീറിയെറിഞ്ഞു. നാടകീയ രംഗങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. രാവിലെ മുതല്‍ തന്നെ സഭാ നടപടികളെ പ്രക്ഷുബ്ധുമാക്കിക്കൊണ്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലേതിനു സമാനായി പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക സമരം എന്നിവയുയര്‍ത്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
പലഘട്ടങ്ങളിലും സഭ നിര്‍ത്തിവച്ചു. നാലുമണിയോടെ വീണ്ടും സഭ സമ്മേളിക്കുന്നതിനിടെയാണ് വീണ്ടും ബഹളമുണ്ടായത്. ഉദ്യോഗസ്ഥരുടെ കയ്യില്‍ നിന്ന് ഫയലുകള്‍ തട്ടിയെടുത്ത് പ്രതിപക്ഷ എംപിമാര്‍ കീറിയെറിഞ്ഞു. ഫയലുകള്‍ നശിപ്പിച്ച എംപിമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

കര്‍ഷകസമര വിഷയം ഉന്നയിക്കുന്നതിനിടെയാണ് ഫയലുകള്‍ കീറിയെറിഞ്ഞത്. അതേസമയം ലോക്‌സഭയില്‍ മറാത്ത സംവരണ കേസിലെ സുപ്രിംകോടതി വിധി മറികടക്കാന്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയുടെ ചര്‍ച്ച നടക്കുകയാണ്. നാളെ ഈ വിഷയം രാജ്യസഭയിലെത്തേണ്ടതാണ്. 13ആം തിയതി വരെയാണ് സഭയുള്ളത്.

ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്നത് സര്‍ക്കാരിന് ഭൂഷണമല്ല. ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ പാസാക്കാനായിരുന്നു ശ്രമം. ഇതിനെല്ലാം ഇടയിലാണ് സഭ ഇന്നും പ്രക്ഷുബ്ധമായത്.