India National

പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച: തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഇന്ത്യ, നയതന്ത്ര ചര്‍ച്ച വേണമെന്ന് ചൈന

അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ്.

അതിര്‍ത്തി തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാര്‍ മോസ്കോയില്‍ വെച്ച് ചര്‍ച്ച നടത്തി. സംഘര്‍ഷത്തിലേക്ക് പോകാതെ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ നിലപാടെടുത്തു. നയതന്ത്രതല ചര്‍ച്ച വേണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അതിര്‍ത്തി തര്‍ക്കത്തില്‍ ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് മോസ്കോയില്‍ വെച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെയും ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്കിയുടെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. രണ്ട് മണിക്കൂര്‍ 20 മിനിറ്റ് ചര്‍ച്ച നീണ്ടുനിന്നുവെന്ന് രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ചര്‍ച്ചയില്‍ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ടായില്ലെന്നാണ് സൂചന. അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും പാലിച്ച് സംഘര്‍ഷത്തിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയുമായി നയതന്ത്രതല ചര്‍ച്ച വേണമെന്ന ആവശ്യമാണ് ചൈന ഉന്നയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ പ്രശ്ന പരിഹാരത്തിനായി ഇടപെടാന്‍ അമേരിക്ക തയ്യാറാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കക്ക് ആവുന്നത് ചെയ്യാന്‍ സന്തോഷമാണുള്ളത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സുഹൃത്താണെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചു. ചുഷുവിലെ നാല് മേഖലകളില്‍ ഇന്ത്യ – ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ച സാഹചര്യമാണ്.