India National

രാജസ്ഥാനില്‍ ഹിന്ദുത്വ-തീവ്രദേശീയ പ്രചാരണം ഫലിച്ചോ?

തീവ്ര ഹിന്ദുത്വവും തീവ്ര ദേശീയതയും മാത്രം ആയുധമാക്കിയ ബി.ജെ.പി പ്രചാരണ തന്ത്രത്തിന്‍റെ ഇത്തവണത്തെ പരീക്ഷണ ശാലയാണ് രാജസ്ഥാന്‍. പ്രധാനമന്ത്രി മുതല്‍ താഴെ തട്ടിലെ നേതാക്കള്‍ വരെ ഇത്തരം പ്രചാരണം നടത്തിയ രാജസ്ഥാനിലെ 13 മണ്ഡലങ്ങള്‍ നാളെ വിധി എഴുതും. ഇത്തരം പ്രചാരണങ്ങളോട് സമ്മിശ്ര പ്രതികരണമാണ് വോട്ടര്‍മാര്‍ക്കുള്ളത്.

നാളെ വോട്ടെടുപ്പ് നടക്കുന്ന ജോധ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗജേന്ദ്ര ശെഖാവത്തിന് വേണ്ടി രണ്ട് ദിവസം മുമ്പ് രാവണ രാജ്പുത്ത് മഹാസഭ നടത്തിയ പ്രചാരണ പരിപാടിയില്‍ രാജകുടുംബാംഗവും സന്യാസിയുമായ അഭയ് രാജ് മഹാരാജ് വോട്ട് ചോദിച്ചത് വരാനിരിക്കുന്ന ഹിന്ദു സര്‍ക്കാരിന് വേണ്ടിയായിരുന്നു.

ജോധ്പൂരിനപ്പുറത്തുള്ള ബാഡ്മേര്‍ മണ്ഡലവും നാളെയാണ് വിധിയെഴുതുന്നത്. അവിടെയാണ് പ്രധാനമന്ത്രി, പാകിസ്ഥാനെതിരെ ആണവായുധം ഉപയോഗിക്കുമെന്ന് സൂചിപ്പിച്ച് പ്രസംഗിച്ചത്. പാലി, ഉദയ്പൂര്‍, ചിത്തോര്‍ഗഡ് അടക്കം സമീപ മണ്ഡലങ്ങളൊക്കെ ഇത്തരം ചൂടേറിയ പ്രചാരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവയാണ്. വികസന വിഷയങ്ങളെ പാടെ അവഗണിച്ച് കൊണ്ടുള്ള ഈ ബി.ജെ.പി തന്ത്രത്തോട് സമ്മിശ്ര പ്രതികരണമാണ് വോട്ടര്‍മാര്‍ക്ക്.