ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത്
രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്. 24 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. ചീഫ് വിപ്പ് മഹേഷ് ജോഷിയും ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൌധരിയും ഒപ്പിട്ട പ്രസ്താവനയിലാണ് ബിജെപിക്കെതിരെ ആരോപണമുള്ളത്.
എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പറയുന്നു. എന്നാല്‍ ബിജെപിയുടെ ശ്രമം വിജയിക്കാന്‍ പോകുന്നില്ല. വിശ്വാസ്യതയും അഭിമാനവും ആരുടെ മുന്നിലും പണയം വെയ്ക്കില്ല. എം.എല്‍.എമാരെ തെറ്റിദ്ധരിപ്പിക്കാനും വാഗ്ദാനങ്ങള്‍ നല്‍കി സ്വന്തം പാളയത്തിലേക്ക് കൊണ്ടുവരാനുമാണ് ബിജെപിയുടെ നീക്കമെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.
കഴിഞ്ഞ മാസം അവസാനം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും എംഎല്‍എമാരെ വിലയ്ക്ക് വാങ്ങാന്‍ പറ്റുമോയെന്ന് ബി.ജെ.പി നോക്കിയിരുന്നുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ആരോപിക്കുകയുണ്ടായി. സര്‍ക്കാരിനെ ഏത് വിധേനയും താഴെയിറക്കാനാണ് ബിജെപിയുടെ ശ്രമം. ഇത്തരം ശ്രമങ്ങളെ അപലപിക്കുന്നു. ഗെഹ്‌ലോട്ട് സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്നും എംഎല്‍എമാര്‍ അവകാശപ്പെട്ടു.
200 അംഗങ്ങളുള്ള നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എം.എല്‍.എമാരാണ് ഉള്ളത്. സ്വതന്ത്ര എം.എല്‍.എമാരുടെയും രാഷ്ട്രീയ ലോക്ദളിന്‍റെയും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെയും പിന്തുണ കോണ്‍ഗ്രസിനുണ്ട്.