India National

ഇന്ത്യയില്‍ ലോക്ഡൌണ്‍ പരാജയമായിരുന്നുവെന്ന് രാഹുല്‍ഗാന്ധി

സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ രാജ്യങ്ങളിൽ ലോക്ഡൌൺ എങ്ങനെ ഗുണം ചെയ്തുവെന്നും ഇന്ത്യയിൽ എന്താണ് സംഭവിച്ചതെന്നും കാണിക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്ത് രാഹുൽ

ഇന്ത്യയിലെ ലോക്ഡൌൺ പരാജയമായിരുന്നുവെന്ന് രാഹുൽ ഗാന്ധി. സ്പെയിൻ, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ നടപ്പിലാക്കിയ ലോക്ഡൌൺ എങ്ങനെ ഗുണം ചെയ്തുവെന്നും ഇന്ത്യയിൽ എന്താണ് സംഭവിച്ചതെന്നും കാണിക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടാണ് രാഹുൽ കേന്ദ്ര സർക്കാരിന്‍റെ പിടിപ്പുകേടിനെ വിമർശിക്കുന്നത്.

മാർച്ച് 25 മുതലാണ് രാജ്യം മുഴുവൻ അടച്ചിടാൻ കേന്ദ്ര സർക്കാർ നിർദേശിച്ചത്. ആ ഘട്ടത്തിൽ വളരെ കുറച്ചു കോവിഡ് രോഗികൾ മാത്രമേ ഇന്ത്യയിൽ ഉണ്ടായിരുന്നുള്ളു. ജൂൺ ആദ്യവാരത്തോടെ ലോക്ഡൗണിൽ ഏതാണ്ട് പൂർണമായ ഇളവുകൾ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരത്തിനടുത്ത് ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓരോ ദിവസവും ആയിരത്തിലധികം പേരുടെ വർധനവ് ഉണ്ടാകുന്നതല്ലാതെ ഒരു ദിവസം പോലും കുറവ് ഉണ്ടായിട്ടില്ല. ഇത് ചൂണ്ടികാണിക്കുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടാണ് രാഹുൽ ലോക്ഡൌൺ പരാജയമായിരുന്നു എന്ന് വിമര്‍ശിക്കുന്നത്.

മറ്റ് രാജ്യങ്ങളെ താരതമ്യം ചെയ്യുന്ന ഗ്രാഫും രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്പെയിൻ, ഇറ്റലി, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ കോവിഡ് രോഗബാധിതർ കുത്തനെ കൂടിയപ്പോൾ മാത്രം ലോക്ഡൌൺ പ്രഖ്യാപിക്കുകയും രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ ലോക്ഡൌൺ പിൻവലിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനം പാളിയെന്ന് ഗ്രാഫുകൾ വഴി പറയുകയാണ് രാഹുൽ ഗാന്ധി.