India National

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി: അധികാരത്തിലെത്തിയാല്‍ അക്കാര്യം കോണ്‍ഗ്രസ് നിറവേറ്റുമെന്ന് രാഹുല്‍

ദേശസ്നേഹി എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത ജവാന്‍മാരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷം മാത്രമെന്ന് രാഹുല്‍ ഗാന്ധി. ദുഃഖത്തില്‍ പങ്കുചേരുന്നതിന് പകരം ചിരിച്ചുകൊണ്ട് പ്രചാരണദൃശ്യം ചിത്രീകരിച്ചു. പ്രധാനമന്ത്രിയുടെ പെരുമാറ്റം അപമാനകരമാണെന്നും രാഹുല്‍ ഗാന്ധി ആന്ധ്രാപ്രദേശില്‍ പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ പി.സി.സി 25 മണ്ഡലങ്ങളിലൂടെ നടത്തുന്ന പ്രചാരണ റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രിക്കെതിരായ വിമര്‍ശം. ദേശസ്നേഹി അവകാശപ്പെടുന്ന പ്രധാനമന്ത്രി പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികരെ ഓര്‍ത്തത് മണിക്കൂറുകള്‍ക്ക് ശേഷമാണ്. ഇക്കാര്യം തെളിയിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നിരിക്കുന്നു. സൈനികരുടെ കുടുംബത്തോടൊപ്പം നില്‍ക്കേണ്ടിടത് ചിരിച്ചുകൊണ്ട് പ്രചാരണ വീഡിയോ ചിത്രീകരിച്ചു. പ്രധാനമന്ത്രിയുടെ പെരുമാറ്റം അപമാനകരമാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

രാജ്യത്ത് ചിലര്‍ രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നു. പക്ഷേ 40 ജവാന്‍മാര്‍ ജീവത്യാഗം ചെയ്തിട്ടും പ്രതികരിക്കാന്‍ തയ്യാറായത് 3.30 മണിക്കൂറിന് ശേഷമാണ്. കുടുംബാംഗങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടിടത്ത് ചിരിച്ചുകൊണ്ട് പ്രചാരണ ദൃശൃങ്ങള്‍ ചിത്രീകരിച്ചത് അപമാനകരമെന്നും രാഹുല്‍ പറഞ്ഞു.

2009 ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇതേ വേദിയില്‍ പ്രധാനമന്ത്രി നല്‍കിയ വാഗ്ദാനമാണ് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്നത്. അധികാരത്തിലെത്തിയാല്‍ അക്കാര്യം കോണ്‍ഗ്രസ് നിറവേറ്റും. റഫാല്‍, ബാങ്കാ വായ്പാ തട്ടിപ്പുകള്‍ എന്ന ചൂണ്ടിക്കാട്ടി കാവല്‍ക്കാരന്‍ കള്ളനാണെന്നും രാഹുല്‍ ആവര്‍ത്തിച്ചു. വെങ്കട്ടേശ്വര സ്വാമി ക്ഷേത്രം സന്ദർശിച്ച ശേഷമാണ് രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.