India

70 വർഷം കൊണ്ട് ഇന്ത്യ കെട്ടിപ്പടുത്തതെല്ലാം മോദി വിറ്റ് തുലയ്ക്കുന്നു; വിമർശനവുമായി രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബി.ജെ.പി വാക്ക്പോര്. രാജ്യത്തെ ജനങ്ങളുടെ കഷ്ടപ്പാടിലൂടെ പതിറ്റാണ്ടുകൾ കൊണ്ട് ഉണ്ടാക്കിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് കേന്ദ്രസർക്കാർ അവരുടെ കോടീശ്വരന്മാരായ സുഹൃത്തുക്കൾക്ക് നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.

കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ദേശീയ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതി ആണ് കോൺഗ്രസ് ബി.ജെ.പി. വാക്ക്പോരിന് വിഷയമായത്. കഴിഞ്ഞ 70 വർഷം രാജ്യം ഭരിച്ച സർക്കാരുകൾ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണ് ഈ പദ്ധതിയെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. ഇന്ത്യയുടെ കിരീടത്തിലെ രത്‌നങ്ങളെയാണ് മോദി സർക്കാർ വിറ്റ് നശിപ്പിക്കുന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. തന്റെ ചില വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് മോദി ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.

നിയമാനുസൃതമായ കൊള്ള, സംഘടിതമായ കവർച്ച എന്നാണ് കോൺഗ്രസ് മോണിറ്റൈസേഷൻ പൈപ്പ് ലൈൻ പദ്ധതിയെ വിമർശിച്ചത്. കോൺഗ്രസിന്റെ കാലത്ത് നടത്തിയ ആസ്തി വിറ്റഴിക്കലുകൾ അഴിമതിയായിരുന്നോ എന്നാണ് വിഷയത്തിലെ ബി.ജെ.പി യുടെ മറുചോദ്യം. മൻ
മോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് ഒഹരി വിൽക്കാൻ യു.പി.എ അദ്ധ്യക്ഷ എന്ന നിലയിൽ നേത്യത്വം നൽകിയ സോണിയാഗാന്ധി രാജ്യത്തെ വിൽക്കുകയായിരുന്നോ എന്ന് രാഹുൽ വ്യക്തമാക്കണം എന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ആവശ്യപ്പെട്ടു. മുംബൈ – പുണെ എക്‌സ്പ്രസ് വേ ആസ്തി വിറ്റഴിച്ചതിന്റെ ഭാഗമായി 8000 കോടിയാണ് സമാഹരിച്ചിരുന്നത്. ധനസമാഹരണ പദ്ധതിയെക്കുറിച്ച് രാഹുൽ ഗാന്ധിക്ക് വിയോജിപ്പുണ്ടെങ്കിൽ, കോൺഗ്രസ് ഭരണകാലത്ത് നടന്ന ധനസമാഹരണങ്ങളെയും അഴിമതി എന്ന് വിളിക്കാൻ രാഹുൽ തയ്യാറാകണമെന്ന് സ്‌മൃതി ഇറാനി നിർദേശിച്ചു.