പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ചൗകിദാർ ചോർ ഹേ പരാമർശത്തിൽ തനിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ബോംബെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നവംബർ 22-ന് ഹൈക്കോടതി കേസ് പരിഗണിക്കും. റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട് 2018ൽ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി ഈ പരാമർശം നടത്തിത്.
പ്രസ്തുത പരാമർശം പ്രധാനമന്ത്രിക്കെതിരെയാണെന്നും പരാതിക്കാരൻ ആക്രമിക്കപ്പെട്ട കക്ഷിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ അഭിഭാഷകൻ കുശാൽ മോർ ഹർജി സമർപ്പിച്ചത്. ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് കെ ഷിൻഡെയ്ക്ക് മുമ്പാകെയാണ് ഹർജി സമർപ്പിച്ചത്.
ബിജെപി പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. രാഹുൽ ഗാന്ധിയുടെ പ്രസ്താവന പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവരുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാരൻ ശ്രീശ്രീമൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ മാത്രമല്ല ബിജെപി അംഗങ്ങളെയും അപകീർത്തിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
പരാതി പരിഗണിച്ച ശേഷം മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതി 2019 ഒക്ടോബറിൽ രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ മുൻ കോൺഗ്രസ് അധ്യക്ഷൻ ഇതുവരെ മജിസ്‌ട്രേറ്റിന് മുന്നിൽ നേരിട്ട് ഹാജരായിട്ടില്ല.