India National

വൈകാതെ തന്നെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റായേക്കും; റിപ്പോര്‍ട്ടുകള്‍

രാഹുല്‍ ഗാന്ധി വൈകാതെ തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് ഒരു വര്‍ക്കിങ് കമ്മിറ്റി യോഗം ഉടനെത്തന്നെ വിളിക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022ന് മുമ്പ് തന്നെ കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നും എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം രാഹുൽ ഗാന്ധി അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ദേശീയ പ്രസിഡന്‍റാകുമെന്ന് ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ഡിപിസിസി) മേധാവി അനിൽ ചൗധരിയും പറയുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്‍റെ ശബ്ദമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

”രാഹുൽ ഗാന്ധി ഒരു നല്ല നേതാവായി പ്രവർത്തിക്കുന്നു, കോൺഗ്രസിന്റെ പ്രസിഡന്റാകും. എല്ലാ ഉത്തരവാദിത്തങ്ങളും അദ്ദേഹം വഹിക്കുകയും രാജ്യത്തെ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറുകയും ചെയ്യും.” ടിവി 9ന് നല്‍കിയ പ്രതികരണത്തില്‍ അദ്ദേഹം വ്യക്തമാക്കി.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്‍റാകാന്‍ സാധ്യതകളുണ്ടെന്ന വാര്‍ത്തകള്‍ പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദ്ദേഹം ഉടന്‍ തന്നെ പ്രസിഡന്‍റായി തിരിച്ചുവരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞിരുന്നു.