India National

എ.എ.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്ന്

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതില്‍ അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേ ആകും നിര്‍ണായകമാകുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളുമായി വൈകാതെ കൂടിക്കാഴ്ച നടത്തും.

ഡല്‍ഹിയിലും ഹരിയാനയിലും സഖ്യമുണ്ടാക്കാന്‍ നിരവധി തവണ എ.എ.പി ക്ഷണിച്ചെങ്കിലും കോണ്‍ഗ്രസ് വഴങ്ങിയിരുന്നില്ല. ഡല്‍ഹി പി.സി.സി പ്രസിഡ‍ന്റ് ഷീല ദീക്ഷിതാണ് ഏറ്റവും എതിര്‍പ്പ് പ്രകടിപ്പിച്ച ഒരാള്‍.നേരത്തെ തള്ളിയ തീരുമാനം ആണെങ്കിലും അത് പുനഃപരിശോധിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെയാണ് സംഖ്യം വീണ്ടും സജീവമായത്. പ്രവര്‍ത്തകരുടെ അഭിപ്രായം അറിയാന്‍ ശക്തി ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ രാഹുല്‍ നിര്‍ദേശം നല്‍കി . ഇതില്‍ ഭൂരിപക്ഷ പ്രവര്‍ത്തകരും സംഖ്യം വേണമെന്ന നിലപാട് എടുത്തിരുന്നു.

ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ അടക്കമുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്ത് രാഹുല്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും . ഏഴ് സീറ്റുള്ള ഡല്‍ഹിയില്‍ മൂന്ന് വീതം സീറ്റുകള്‍ കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും ഒരെണ്ണം പൊതു സ്വതന്ത്രനുമെന്നതാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ 5-2 ഫോര്‍മുലയാണ് എ.എ.പിയുടേത്. ഇരു പാര്‍ട്ടികള്‍ക്കും ആദ്യം ഇതില്‍ തീര്‍പ്പുണ്ടാക്കേണ്ടതുണ്ട്. സഖ്യം സാധ്യമായാല്‍ ഡല്‍ഹി , ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാമെന്നാണ് പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍.