India

ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്ത് സിദ്ദു ഉള്‍പ്പെടെയുള്ള നേതാക്കള്‍

പഞ്ചാബിൽ ചരൺജിത്ത് സിങ് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് നേതാക്കളും അണികളും. ക്യാപ്റ്റൻ അമരീന്ദർ സിങിന് ശേഷം പഞ്ചാബിന്‍റെ മുഖ്യമന്ത്രി പദത്തിലെത്തിയ ചരൺജിത്ത് സിങ് ഛന്നിക്ക് അഭിപ്രായ വോട്ടെടുപ്പിലെന്ന പോലെ എംഎൽഎമാർക്കിടയിലും നേതാക്കൾക്കിടയിലും നല്ല പിന്തുണയുണ്ട്. വോട്ടർമാരിലധികവും ഛന്നി വീണ്ടും മുഖ്യമന്ത്രിയാകണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നതെന്ന് നിലവിലെ എംഎൽഎയും ലുധിയാന റൂറലിലെ ക്വിൽ മണ്ഡലം കോൺഗ്രസ് സ്ഥാനാർഥിയുമായ കുൽദീപ് സിംഗ് വൈദ് ഐ.എ.എസ് പറഞ്ഞു.

ജന്മിമാരും രാജകുടുംബവും വാണിരുന്ന പഞ്ചാബിലെ ആദ്യത്തെ ദലിത് മുഖ്യമന്ത്രി എന്ന നിലയിൽ ഛന്നിക്ക് പാർട്ടി പ്രവർത്തകർക്കിടയിലും പുറത്തും നല്ല സ്വീകാര്യതയുണ്ട്. അതവർ ഹൈക്കമാൻഡ് നടത്തിയ സർവേയിലൂടെ ബോധ്യപ്പെടുത്തുകയും ചെയ്തു.

ഛന്നിയുമായി കടുത്ത അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചിരുന്ന പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ ആദ്യം തന്നെ സ്വാഗതം ചെയ്യുകയായിരുന്നു. ഛന്നിയുടെ നായകത്വം പഞ്ചാബി ജനതയുടെ വികാരമാണെന്ന് സിദ്ദുവും അടിവരയിട്ടു. എന്നാൽ അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന സിദ്ദുവിന് ഹൈക്കമാൻഡ് മുന്തിയ പരിഗണനയാണ് വാഗ്ദാനം ചെയ്തത്. ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പകുതി വെച്ച് സിദ്ദുവിന് സ്ഥാനമൊഴിഞ്ഞ് കൊടുത്തേക്കുമെന്ന ധാരണയുള്ളതായി നേതാക്കൾ തന്നെ അടക്കം പറയുന്നുണ്ട്. എന്നാൽ അക്കാര്യം പരസ്യപ്പെടുത്തുന്നത് ഗുണകരമാവില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.

നേതാക്കളുമായുള്ള വിയോജിപ്പ് പരസ്യപ്പെടുത്തി മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝാക്കറിനെയും ഹൈക്കമാന്‍ഡ് കാര്യമായി പരിഗണിക്കും. ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്കാണ് ഝാക്കറിന്‍റെ നോട്ടം. നിലവിൽ പാർട്ടി പ്രചാരണ ചുമതലയും സുനിൽ ഝാക്കറിനാണ്.