പുൽവാമ ആക്രമണം സംബന്ധിച്ച പാക് മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയിൽ പാകിസ്താനിൽ പ്രതിഷേധം ശക്തം. വാക്കുകൾ വളച്ചൊടിച്ചു എന്നും പുൽവാമക്ക് ശേഷമുള്ള സാഹര്യമാണ് വിശദീകരിച്ചതെന്നും ഫവാദ് ചൗധരി പ്രതികരിച്ചു. പാകിസ്താന്‍റെ യഥാർത്ഥ മുഖം ലോകത്തിന് വ്യക്തമായെന്ന് വിദേശ മന്ത്രാലയം പ്രതികരിച്ചു.
അതേ സമയം വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പിടിയിലായ ശേഷം പാകിസ്താന്‍ തിരിച്ചടിക്ക് ശ്രമിച്ചിരിന്നുവെങ്കില്‍ അവരുടെ സൈനിക വ്യൂഹത്തെ തുടച്ച് നീക്കാന്‍ സജ്ജമായിരുന്നുവെന്ന് മുന്‍ വ്യോമസേന മേധാവി ബി.എസ് ധനോവ പ്രതികരിച്ചു.
പാകിസ്താൻ ഭീകരവാദത്തെ പോത്സാഹിപ്പിക്കുന്നു എന്നത് കാലങ്ങളായി ഇന്ത്യ ഉയർത്തുന്ന വാദമാണ്. ഇത് ശരിവക്കുന്നതായിരുന്നു പാക് ദേശീയ അസംബ്ലിയിൽ ചർച്ചക്കിടെ മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവന.
പുൽവാമ ആക്രമണം നേട്ടമാണെന്നും ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണെന്നുമുള്ള ഫവാദ് ചൗധരിയുടെ പ്രസ്താവനക്കെതിരെ പാകിസ്താനിൽ തന്നെ പ്രതിഷേധം ശക്തമായി. തന്‍റെ വാക്കുകളെ വളച്ചൊടിച്ചു എന്ന് ഫവാദ് ചൗധരി പ്രതികരിച്ചു. പുൽവാമക്ക് ശേഷമുള്ള സാഹര്യമാണ് വിശദീകരിച്ചത്. പാകിസ്താൻ എക്കാലത്തും ഭീകരതയെ എതിർക്കുന്നു എന്നും ഫവാദ് ചൗധരി വിശദീകരിച്ചു. എന്നാൽ പാകിസ്താന്‍റെ യഥാർത്ഥ മുഖം ലോകത്തിനു വ്യക്തമായി എന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഒരു നിരാകരണത്തിനും അതിനെ മറക്കാൻ കഴിയില്ല. യു.എന്‍ പട്ടികയിൽ പെട്ട ഭീകരരെ സംരക്ഷിച്ച പാകിസ്താൻ ഇര വാദവുമായി എത്തുകയാണെന്നും വിദേശ കാര്യ മന്ത്രാലയം വിമർശിച്ചു.